ലോകോത്തര ഇന്നിംഗ്‌സുമായി ഗുപ്ടില്‍ ജയമൊരുക്കി

Posted on: March 2, 2017 12:55 am | Last updated: March 2, 2017 at 12:25 am

ഹാമില്‍ട്ടണ്‍: ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ലോകോത്തര സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡ് നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ പരമ്പര 2-2ന് തുല്യം. നിര്‍ണായകമായ അഞ്ചാം ഏകദിനം ശനിയാഴ്ച ഓക്‌ലന്‍ഡില്‍ നടക്കും. 280 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് അഞ്ച് ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 180 റണ്‍സോടെ പുറത്താകാതെ നിന്ന ഗുപ്ടിലിന്റെ പന്ത്രണ്ടാം ഏകദിന സെഞ്ച്വറിയാണ് കിവീസിന് പരമ്പരയില്‍ തിരിച്ചുവരവൊരുക്കിയത്. 138 പന്തില്‍ 13 ഫോറും 11 സിക്‌സും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്. 66 റണ്‍സ് നേടിയ റോസ് ടെയ്‌ലര്‍ മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി. എ.ബി.ഡിവില്ലിയേഴ്‌സ് (പുറത്താകാതെ 72), ഫാഫ് ഡുപ്ലസിസ് (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹാഷിം ആംല 40 റണ്‍സ് നേടി പുറത്തായി. കിവീസിനായി ജീതന്‍ പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.