പൊതുപരിപാടികളില്‍ പങ്കെടുത്തു; ചൗതാലയുടെ പരോള്‍ കോടതി റദ്ദാക്കി

Posted on: March 2, 2017 8:18 am | Last updated: March 2, 2017 at 12:19 am

ന്യൂഡല്‍ഹി: അധ്യാപക നിയമന കുംഭകോണക്കേസില്‍ ഐ എന്‍ എല്‍ ഡി നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗതാലയുടെ പരോള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച ചൗതാലക്ക് പരോള്‍ അനുവദിച്ചത്.

എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതുള്‍പ്പെടെ പരോള്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത ഹരജിയിലാണ് ജസ്റ്റിസ് വിപിന്‍ സാംഗ്‌വിയുടെ ഉത്തരവ്. പൊതു ചടങ്ങുകളിലും മറ്റും അദ്ദേഹം പങ്കെടുക്കുന്ന മാധ്യമ വാര്‍ത്തകളും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ കോടതിയില്‍ ഹാജരായ ചൗതാലയുടെ അഭിഭാഷകന്‍ മാധ്യമ വാര്‍ത്തകളെ ഖണ്ഡിച്ചു. പൊതുപരിപാടികളില്‍ പങ്കെടുത്തതായി വന്ന സ്ഥലങ്ങള്‍ നഗരങ്ങളിലാണെന്നും അദ്ദേഹം വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് ജനങ്ങളുടെ ഇടയില്‍ സംസാരിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി ഈ വാദഗതികള്‍ അംഗീകരിച്ചില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തിയതിന് 2013ല്‍ ചൗതാലയുടെ ഇടക്കാല ജാമ്യം റദ്ദാക്കിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. ഒരിക്കല്‍ കൂടി അദ്ദേഹം ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കോടതി വ്യക്തമാക്കി.
ഡല്‍ഹി സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് 82 കാരനായ ചൗതാലക്ക് ആരോഗ്യ സംബന്ധമായ കാരണങ്ങളാല്‍ പരോള്‍ അനുവദിച്ചതെന്നും ഇപ്പോള്‍ അദ്ദേഹം അത് ലംഘിച്ചിരിക്കുകയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. വാര്‍ധക്യ, ആരോഗ്യ സംബന്ധമായ വിവരങ്ങളുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് അദ്ദേഹം കളിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. അതേസമയം പരോളിലിറങ്ങിയ സമയം ജയില്‍ വാസത്തിലുള്ള സമയമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജൂനിയര്‍ ബേസിക് ടീച്ചര്‍ നിയമന അഴിമതിക്കേസില്‍ ഹൈക്കോടതി വിധി ശരിവെച്ച് കൊണ്ട് 2015 ലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ ചൗതാലയുടെ മകന്‍ അജയ് ചൗതാലയുള്‍പ്പെടെ 53 പേരെയാണ് കോടതി ശിക്ഷിച്ചത്.