Connect with us

International

ലിബിയയില്‍ കുട്ടികള്‍ക്ക് നേരെ വ്യാപക പീഡനമെന്ന് യു എന്‍

Published

|

Last Updated

ലിബിയയിലെ അഭയാര്‍ഥി ക്യാമ്പ്

ട്രിപ്പോളി: ലിബിയയില്‍ അഭയാര്‍ഥികളായ സ്ത്രീകളും കുട്ടികളും വ്യാപകമായി ക്രൂര പീഡനങ്ങള്‍ക്കും ചൂഷണത്തിനും വിധേയമാകുന്നതായി യു എന്‍ റിപ്പോര്‍ട്ട്. ആഭ്യന്തര കലാപത്തെ തുടര്‍ന്നും മറ്റും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ഥികളാണ് ലൈംഗിക പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഇരയാകുന്നവര്‍. മെഡിറ്ററേനിയന്‍ കടല്‍ വഴി 25,846 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം പലായനം ചെയ്ത് ഇറ്റലിയിലെത്തിയിട്ടുണ്ടെന്നും ഇവരില്‍ ഭൂരിഭാഗവും തനിച്ചാണ് പലായനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

82 സ്ത്രീകളുമായും 40 കുട്ടികളുമായും യു എന്‍ അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ആരാണ് പീഡനത്തിന് ഇരയാക്കുന്നതെന്ന് പലരും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും സൈനികരുമാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് ചിലര്‍ മൊഴി നല്‍കി.

മെഡിറ്ററേനിയന്‍ കടല്‍ വഴി പലായനം ചെയ്യിപ്പിക്കുന്നത് മുന്‍നിര്‍ത്തിയാണ് കുട്ടികളെ ചൂഷണത്തിന് ഇരയാക്കുന്നത്. ഗൗരവതരമായ ആക്രമണങ്ങളാണ് ലിബിയയില്‍ നടക്കുന്നതെന്ന് യു എന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാക്കി കുട്ടികളെയും സ്ത്രീകളെയും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘം ലിബിയയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.