പിച്ച് മോശമെന്ന് ഐ സി സി മാച്ച് റഫറിയുടെ റിപ്പോര്‍ട്ട്‌

Posted on: March 1, 2017 7:26 am | Last updated: March 1, 2017 at 12:28 am
പരിശീലനം ഉപേക്ഷിച്ച് ടീം ഇന്ത്യ പശ്ചിമഘട്ടം മലനിരകളിലേക്ക് ട്രിക്കിംഗിന് പോയി. കോച്ച് അനില്‍ കുംബ്ലെയുടെ തീരുമാനമായിരുന്നു ഇത്. പൂനെ ടെസ്റ്റിലേറ്റ കനത്ത തോല്‍വിയില്‍ നിന്ന് വിടുതല്‍ നേടുവാന്‍ ഒരു പരിശീലന സെഷനെ കൊണ്ടും കഴിയില്ലെന്നും ട്രക്കിംഗാണ് നല്ലതെന്നും കുംബ്ലെ തീരുമാനിച്ചു. കോഹ്ലി ട്വറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്‌

ന്യൂഡല്‍ഹി: മൂന്ന് ദിവസം കൊണ്ട് തീര്‍പ്പായ ഇന്ത്യ-ആസ്‌ത്രേലിയ പൂനെ ടെസ്റ്റില്‍ ഐ സി സി പിച്ചിനെ ‘പ്രതിസ്ഥാനത്ത്’ നിര്‍ത്തി ! ഇന്ത്യ 333 റണ്‍സിന് പരാജയപ്പെട്ടതോടെ തന്നെ പൊട്ടിപ്പൊളിഞ്ഞ പിച്ചിന് പഴി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ സി സി മാച്ച് റഫറി ക്രിസ് ബോര്‍ഡ് പൂനെയിലെ പിച്ചിനെ ദയനീയം എന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഐ സി സി പിച്ചിന്റെയും ഔട്ട്ഫീല്‍ഡിന്റെയും നിരീക്ഷണ ചട്ടപ്രകാരം ടെസ്റ്റ് കഴിഞ്ഞാല്‍ മാച്ച് റഫറി പിച്ചിനെ കുറിച്ച് ഐ സി സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ഇത് ഐ സി സി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബി സി സി ഐക്ക് അയക്കും. പതിനാല് ദിവസത്തിനുള്ളില്‍ ബി സി സി ഐ മറുപടി നല്‍കണം.

ഇതില്‍ വീഴ്ച വരുത്തുകയോ മറുപടി തൃപ്തികരമോ അല്ലെങ്കില്‍ പതിനയ്യായിരം യു എസ് ഡോളര്‍ പിഴ അടക്കണം. പിച്ച് റിപ്പോര്‍ട്ട് ആറ് വിഭാഗത്തിലായിട്ടാണ്. വെരി ഗുഡ്, ഗുഡ്, ശരാശരിക്ക് മുകളില്‍, ശരാശരിക്ക് താഴെ, ദയനീയം, ഒട്ടും യോഗ്യമല്ല എന്നിങ്ങനെ.

കോഹ്ലിയെ പിന്തുണച്ച് ഗാംഗുലി

ആദ്യ ടെസ്റ്റില്‍ നാണം കെട്ട തോല്‍വിയേറ്റതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ മാനസിക പിന്തുണ. കോഹ്ലി സാധാരണ വ്യക്തിയാണെന്നും ചില ദിവസങ്ങളില്‍ അദ്ദേഹവും പരാജയപ്പെടുമെന്നും ഗാംഗുലി പറഞ്ഞു.
പൂനയില്‍ രണ്ട് ഇന്നിംഗ്‌സുകളിലും അദ്ദേഹം പരാജയപ്പെട്ടു. ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞ് കോഹ്ലിയെ കുടുക്കാനാണ് ബൗളര്‍മാര്‍ ശ്രമിച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റുചെയ്യും മുമ്പ് തന്നെ മത്സരം അവസാനിച്ചിരുന്നു. 441 എന്നത് ആ ഗ്രൗണ്ടില്‍ അപ്രാപ്യമായ ലക്ഷ്യമാണ്. ആസ്‌ത്രേലിയക്കെതിരായ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മികച്ചതാണ്. കോഹ്ലിക്കു കീഴില്‍ തുടര്‍ച്ചയായ 19 ടെസ്റ്റ് വിജയങ്ങള്‍ എന്നത് അതുല്യമാണെന്നും ഒരു തോല്‍വിയുടെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.