15 കോടി ഹെപ്പറ്റൈറ്റിസ് സി രോഗബാധിതര്‍; പ്രതിവര്‍ഷം അഞ്ച് ലക്ഷം മരണം

Posted on: March 1, 2017 6:22 am | Last updated: March 1, 2017 at 12:23 am

കൊച്ചി: ഹെപ്പറ്റൈറ്റിസ് സി രോഗബാധ കൃത്യമായി തിരിച്ചറിയാത്തതു മൂലം രോഗം കൂടുതല്‍ ആളുകളിലേക്ക് പകരാന്‍ ഇടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് സി വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ.് വിദേശ ജോലിക്കായുള്ള നിര്‍ബന്ധിത വൈദ്യപരിശോധനയിലാണ് പലപ്പോഴും ഈ രോഗം കണ്ടെത്തുന്നതെന്ന് കൊച്ചി പി വി എസ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റായ ഡോ. സിറിയക് പറഞ്ഞു. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറമെ കാണിക്കാതെ വര്‍ഷങ്ങളോളം ശരീരത്തില്‍ കഴിയുന്ന ഹെപ്പറ്റൈറ്റിസ് സി വൈറസ് പിന്നീട് കരള്‍ വീക്കം, സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ എന്നിവക്ക് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു.

തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതാണ് ഹെപ്പറ്റൈറ്റിസ് സി രോഗബാധ യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനു തടസ്സമാകുന്നത്. പനി, ക്ഷീണം, ഇരുണ്ട നിറമുള്ള മൂത്രം, അടിവയറില്‍ വേദന, ത്വക്കിന് മഞ്ഞനിറം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ അപൂര്‍വമായി കാണാറുണ്ട്. ഹെപ്പറ്റൈറ്റിസ് സി രക്തത്തിലൂടെ പകരുന്ന വൈറസാണ്. പ്രധാനമായും സുരക്ഷിതമല്ലാത്ത ശസ്ത്രക്രിയകളിലൂടെയാണ് രോഗം പകരുന്നത്. വേണ്ടവിധം അണുനാശനം നടത്താത്ത ഉപകരണങ്ങള്‍, ശരിയായി പരിശോധിക്കാത്ത രക്തം എന്നിവയുടെ ഉപയോഗമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.