മാധ്യമങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും

Posted on: February 28, 2017 6:00 am | Last updated: February 27, 2017 at 11:15 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമ വിരോധത്തിന് ശമനമില്ല. മാധ്യമങ്ങളെ അടിക്കടി വിമര്‍ശിക്കുകയും വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെ വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഏപ്രില്‍ 29ന് സംഘടിപ്പിക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ് ട്രംപ്. പ്രമുഖ വ്യക്തികള്‍ക്കും ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമായി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തുന്നതാണ് വിരുന്ന്. അമേരിക്കന്‍ പ്രസിഡന്റായിരിക്കും പ്രധാന അതിഥി. അതേ സമയം ട്രംപ് പങ്കെടുത്താലും ഇല്ലെങ്കിലും പരിപാടി നടത്താനാണ് അസോസിയേഷന്റെ തീരുമാനം. ട്രംപിന്റെ തീരുമാനത്തിന് മാറ്റമില്ലെങ്കില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കാത്ത വിരുന്നായിയിരിക്കും ഇത്.

വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ബി ബി സി, സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കഴിഞ്ഞ വാരത്തിലാണ്. വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചായിരുന്നു വിലക്ക്. തന്റെ മാത്രമല്ല, അമേരിക്കയുടെ തന്നെ ശത്രുക്കളാണ് ഈ മാധ്യമങ്ങളെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിനെ അനുകൂലിക്കുകയും നിലപാടുകളെ പിന്തുണക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ മാത്രമാണ് അന്നവിടെ പങ്കെടുത്തത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ജനപ്രാതിനിധ്യം കുറവായിരുന്നുവെന്ന പത്രങ്ങളുടെ റിപ്പോര്‍ട്ടാണ് അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചത്. 2009ല്‍ ബറാക് ഒബാമ ആദ്യമായി പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ ചടങ്ങ് വീക്ഷിക്കാന്‍ 18 ലക്ഷത്തോളം ആളുകള്‍ എത്തിയിരുന്നു. അതിന്റെ പകുതിയില്‍ താഴെ മാത്രമാണ് ട്രംപിന്റെ ചടങ്ങിനെത്തിയത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത പല മാധ്യമങ്ങളും ഏറ്റവും കുറഞ്ഞ ജനപ്രീതിയോടെയാണ് ട്രംപ് അധികാരത്തിലേറുന്നതെന്നും തുറന്നെഴുതി. ഒബാമയുടെ സത്യപ്രതിജ്ഞക്കെത്തിയ വന്‍ ജനക്കൂട്ടത്തിന്റെയും ട്രംപിന്റെ ചടങ്ങിനെത്തിയ ആളുകളുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു താരതമ്യം. മാത്രമല്ല, ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ അമേരിക്കയിലെങ്ങും അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയ കാര്യവും മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വാഷിംഗ്ടണ്‍ ഡിസിയില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം പേരും ന്യൂയോര്‍ക്ക് സിറ്റിയില്‍ നാല് ലക്ഷം പേരുമാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. പ്രസിഡന്റായ ഉടനെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന അദ്ദേഹത്തിന്റെ പ്രസ്തവാനയെയും കുടിയേറ്റക്കാര്‍ക്കെതിരായി ബില്ല് പാസാക്കിയതിനെയും വിമര്‍ശിച്ച മാധ്യമ നിലപാടും ട്രംപിനെ രോഷാകുലനാക്കി. കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ക്ക് കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോള്‍ അതിന്റെ കലി തീര്‍ത്തതും മാധ്യമങ്ങളോടാണ്.

ട്രംപിന്റെ ജനവിരുദ്ധ നയങ്ങളെയും തുറന്നെതിര്‍ക്കാനാണ് മാധ്യമങ്ങളുടെ തീരുമാനം. ഭരണാധികാരികളോടല്ല, ജനങ്ങളോടാണ് പ്രതിബദ്ധത വേണ്ടതെന്ന് വിശ്വസിക്കുന്നവരും അത് പ്രാവര്‍ത്തികമാക്കുന്നവരുമാണ് ഈ സ്ഥാപനങ്ങള്‍. അതേസമയം, ഇന്ത്യന്‍ മാധ്യമങ്ങളുടെ അവസ്ഥയോ? ജനങ്ങളെ സേവിക്കുന്നതിലല്ല, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ പുറം ചൊറിയുന്നതിലാണ് അവര്‍ക്ക് താത്പര്യം. ആര്‍ എസ് എസിന്റെ അപകടകരമായ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായി ചരിത്ര, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ സ്ഥാപനങ്ങളിലെല്ലാം സംഘ്പരിവാര്‍ സഹയാത്രികരെ തിരുകി കയറ്റി. ഹൈന്ദവ ഐതിഹ്യങ്ങളെ പാഠ്യപദ്ധതികളുടെ ഭാഗമാക്കി. ഗോവധം അംഗീകരിക്കാത്തവര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. രാജ്യത്തെ പിറകോട്ട് നയിക്കുന്ന ഈ പ്രവണതയെ തുറന്നുകാട്ടാനും അതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനും ഇന്ത്യയിലെ എത്ര മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ട് വന്നു? രാഷ്ട്രം നേരിടുന്ന അത്യന്തം ഭീതിതമായ അവസ്ഥക്ക് നേരെ മുഖം തിരിച്ചു മോദിയെ പുകഴ്ത്തുന്നതിലാണ് പലര്‍ക്കും താത്പര്യം. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി കൂടി പങ്കെടുത്ത രാംനാഥ് ഗോയങ്ക പുരസ്‌കാര വിതരണ ചടങ്ങില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ രാജ് കമല്‍ ഝാ പറഞ്ഞ കാര്യങ്ങള്‍ പ്രസ്താവ്യമാണ്. മാധ്യമ പ്രവര്‍ത്തനമെന്നാല്‍ ഭരണകൂടത്തിന്റെ കാല്‍ തടവലല്ല. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടലാണ് എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം രാംനാഥ് ഗോയങ്ക ഇക്കാര്യത്തില്‍ കാണിച്ച മാതൃകാ പരമായ സമീപനം ഉദാഹരണ സഹിതം എടുത്തു കാണിക്കുകയുണ്ടായി. ‘നിങ്ങളുടെ റിപ്പോര്‍ട്ടര്‍ നന്നായി ജോലി ചെയ്യുന്നുണ്ടല്ലോ’ എന്ന് ഒരു മാധ്യമപ്രവര്‍ത്തകനെക്കുറിച്ച് സംസ്ഥാന മുഖ്യമന്ത്രി രാംനാഥ് ഗോയങ്കയോട് പറഞ്ഞപ്പോള്‍ പ്രസ്തുത റിപ്പോര്‍ട്ടറെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകനെ ഭരണകൂടം വിമര്‍ശിച്ചാല്‍ അയാള്‍ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം അതാണെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കാര്യങ്ങള്‍ സത്യസന്ധമായും വസ്തുതാപരമായും റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സര്‍ക്കാര്‍ അംഗീകാരത്തേക്കാള്‍ മഹത്തരമായി കാണുന്ന ഒരു അവസ്ഥയിലേക്ക് ഉയര്‍ന്നു വരേണ്ടതുണ്ട് ഇന്ത്യന്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും.