Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: മഞ്ചൂര്‍ വനമേഖലയില്‍ പരിശോധന നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന നടത്തി. പോലീസും തമിഴ്‌നാട് ദൗത്യസേനയുമാണ് പരിശോധന നടത്തിയത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി, അഗളി എന്നിവിടങ്ങളിലും അതിര്‍ത്തിയായ മുള്ളി, നെടുകമ്പ വനങ്ങളിലും തോക്കേന്തിയ മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഏഴ് മാവോയിസ്റ്റുകളാണ് എത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ഐ രാജ്കുമാര്‍, എസ് ഐ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള 30 പേരടങ്ങിയ സംഘം ഈ മേഖലയില്‍ പരിശോധന നടത്തിയത്. നീലഗിരി എസ് പി മുരളിറംബയുടെ ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തിയത്.

ഊട്ടിക്കടുത്ത മഞ്ചൂര്‍ വനമേഖലയിലാണ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തി. മഞ്ചൂര്‍ വനമേഖലയിലെ മഞ്ഞകൊമ്പ, മുള്ളി മേഖലയില്‍ സൈനിക വേഷത്തിലുള്ള തോക്കേന്തിയ ഏഴ് പേര്‍ നടന്നുപോകുന്നത് കണ്ടുവെന്ന് ആദിവാസികള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഈ മേഖലയില്‍ തുടര്‍ച്ചയായി പരിശോധന നടത്തിവരുന്നത്. ഇവര്‍ ആദിവാസികളില്‍ നിന്ന് ഭക്ഷണം ശേഖരിക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനമേഖലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതാണ് മഞ്ചൂര്‍ വനമേഖല. തമിഴ്‌നാട് സര്‍ക്കാരിനെതിരില്‍ കുന്നൂര്‍ മഞ്ഞകൊമ്പയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററും പതിച്ചിരുന്നു.