നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് മൊഴി

Posted on: February 23, 2017 11:15 am | Last updated: February 23, 2017 at 11:15 am

കൊച്ചി: നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി. നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തല്‍.

സംഭവ ദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസിലായതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനി നടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

നടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സുനി ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നും മണ്കണ്ഠന്‍ പോലീസിനോട് പറഞ്ഞു.