വോള്‍വോ ബസുകള്‍ മനഃപൂര്‍വം കേടു വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Posted on: February 18, 2017 9:30 am | Last updated: February 17, 2017 at 11:57 pm

തിരുവനന്തപുരം: ഇതര സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകള്‍ മനഃപൂര്‍വം കേടു വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. കെ എസ് ആര്‍ ടി സിക്ക് കോടികള്‍ നഷ്ടം വരുത്തുകയും സ്വകാര്യ ബസുടമകളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നതിനുള്ള കേസിന്റെയടിസ്ഥാനത്തിലും കെ എസ് ആര്‍ ടി സി മുന്‍ സി എം ഡി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 10 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു.

കെ എസ് ആര്‍ ടി സി മുന്‍ സി എം ഡി ആന്റണി ചാക്കോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) കെ എം ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (വിജിലന്‍സ്) ആര്‍ ചന്ദ്രബാബു, വിജിലന്‍സ് ഓഫീസര്‍ ഇ ജോണ്‍, ചീഫ് അക്കൗണ്ട് ഓഫീസര്‍ ആര്‍ സുധാകരന്‍, കെ എസ് ആര്‍ ടി സി തിരുവനന്തപുരം ഡിപ്പോ എന്‍ജിനിയര്‍ എസ് ഷിബു, തിരുവനന്തപുരം മുന്‍ ഡി ടി ഒ പി ബാബു കുമാര്‍, ഡിപ്പോ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉത്തമന്‍, വിജിലന്‍സ് ചെക്കര്‍മാരായ ആസ്റ്റിന്‍ രാജ്, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ ബദറുദ്ദീന്‍ ഉത്തരവിട്ടത്. കഴിഞ്ഞ നവംബറില്‍ വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവര്‍ വി വൈ ശ്രീകുമാറും വിതുര ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ ജൂഡ് ജോസഫും നല്‍കിയ ഹരജിയിലാണ് അന്വേഷണ ഉത്തരവ്. 2021 വരെ പെര്‍മിറ്റുള്ള പുതിയ എ സി വോള്‍വോ ബസുകളാണ് എന്‍ജിന്‍ കേടായി കട്ടപ്പുറത്തിരിക്കുന്നത്.
ഓയില്‍ ചെയിഞ്ചിംഗ് സമയത്ത് സോക്കിങ് ഓയില്‍ ഒഴിച്ച് എന്‍ജിന്‍ കേടാക്കാന്‍ കൂട്ടു നിന്നുവെന്നാണ് ഹരജിയിലെ ആരോപണം.