Connect with us

Kerala

റോഡ് സുരക്ഷാ പരിശീലനത്തിന് 15 കോടി

Published

|

Last Updated

തിരുവനന്തപുരം: റോഡ് സുരക്ഷാ പരിശീലനത്തിനായി കേരള റോഡ് സുരക്ഷാ അതോറിറ്റി 15 കോടി രൂപ അനുവദിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുക. സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും ഷോ തുടങ്ങുന്നതിന് മുമ്പ് റോഡ് സുരക്ഷ സംബന്ധിച്ച പരസ്യങ്ങള്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി.

പോലീസ് വകുപ്പില്‍ പുതുതായി പത്ത് ഹൈവേ പട്രോള്‍ റൂട്ട് തുടങ്ങുന്നതിന് പത്ത് ഹൈവേ പട്രോള്‍ വാഹനങ്ങളും റോഡ് സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ 25 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 6.72 കോടി രൂപയും അനുവദിച്ചു. സംസ്ഥാനത്തെ ഇരുപത് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ട്രാഫിക് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കും. ഇതിനായി 88 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് ടൗണിന്റെ വിവിധ ഭാഗങ്ങളിലും പൂജപ്പുരയിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 56.70 ലക്ഷം രൂപ അനുവദിച്ചു. വയനാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് സമീപത്തെ റോഡുകളിലും മഞ്ചേരി ടൗണിലെ റോഡുകളിലും തെര്‍മോ പ്ലാസ്റ്റിക് കൊണ്ട് മാര്‍ക്ക് ചെയ്യുന്നതിന് 7.11 ലക്ഷവും, ചാവക്കാട് തളിക്കുളം പത്താംകല്ല് വളവിലും, കൊല്ലം കൃഷ്ണപുരം പുതിയകാവ് റോഡിലും, തിരുവനന്തപുരം കരമന- പ്രാവച്ചമ്പലം റോഡിലും അപകടങ്ങള്‍ കുറക്കുന്നതിനായി റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ 102.40 ലക്ഷം രൂപയും അനുവദിച്ചു. ആകാശവാണി വഴി റോഡ് സുരക്ഷാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ 34.26 ലക്ഷം രൂപ വകയിരുത്തി. മന്ത്രി ജി സുധാകരനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.