Connect with us

Gulf

ദോഹയിലെ മരം കൊണ്ട് കപ്പലുണ്ടാക്കുന്ന മലയാളികള്‍

Published

|

Last Updated

ദോഹ കോര്‍ണിഷില്‍ ബോട്ടുനിര്‍മാണത്തിലേര്‍പ്പെട്ട മലയാളികള്‍

ദോഹ: കേരളത്തിന്റെ ഉരു നിര്‍മാണ പാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ ദോഹയില്‍ കപ്പല്‍ നിര്‍മാണത്തിലും മോടി പിടിപ്പിക്കലിലുമേര്‍പ്പെട്ട് മലയാളികള്‍. രൂപകല്പനയിയിലും നിര്‍മാണത്തിലും വൈദഗ്ധ്യം പുലര്‍ത്തി ദോഹ കോര്‍ണിഷില്‍ ബോട്ടുകളില്‍ ജീവിതം തുഴയുന്നവര്‍ നിരവധിയാണ്.
ആധുനിക സാങ്കേതിക വിദ്യകള്‍ വികസിച്ച കാലത്തും എന്‍ജിനീയറിംഗ് വൈദഗ്ധ്യമോ യന്ത്രവത്കൃത രൂപകലപ്‌നകളോ ഇല്ലാതെ കരവിരുതും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തില്‍നിന്നും കൈമാറി വന്ന പ്രാവീണ്യവുമാണ് വെള്ളത്തിനു മുകളിലെ യാത്രാ നൗകകള്‍ക്ക് അലകും പിടിയും മേല്‍ക്കൂരയും കിടപ്പറകളും ഒരുക്കുന്നത്. പണി പഠിച്ചു തീരുക എന്നൊന്നില്ല ഓരോ ദിവസവും പഠിച്ചു കൊണ്ടേയിരിക്കുകയാണെന്ന് ദോഹ കോര്‍ണിഷില്‍ ബോട്ട് നിര്‍മാണത്തിലേര്‍പ്പെട്ട കൊല്ലം സ്വദേശി വിനോദ് പറയുന്നു. കേരളത്തില്‍ ബേപ്പൂര്‍ കഴിഞ്ഞാല്‍ കൂടുതല്‍ ബോട്ടുകള്‍ നിര്‍മിക്കുന്ന സ്ഥലമാണ് കൊല്ലം. അവിടെ മത്സ്യബന്ധന ബോട്ടുകളാണ് നിര്‍മിക്കുന്നത് എന്നതിനാല്‍ പെരുമ കുറവാണ്.

പഴയ ബോട്ടുകള്‍ പുതുക്കിപ്പണിയുന്ന ജോലികളാണ് പ്രധാനമായും ദോഹയില്‍ നടക്കുന്നത്. പുതുതായി നിര്‍മിക്കുന്നില്ല എന്നു മാത്രമേയുള്ളൂ. ആകെ മാറ്റിപ്പണിയുന്ന ജോലികളും നിര്‍വഹിക്കുന്നു. കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും ഉമടകളുടെ താത്പര്യാര്‍ഥം മോടി പിടിപ്പിക്കും. മാസങ്ങളെടുക്കുന്ന ജോലിയിയിലൂടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. തേക്കു മരമാണ് അധികവും ഉപയോഗിക്കുന്നത്. കേരളത്തിലെ തേക്ക് കിട്ടാന്‍ പ്രയാസവും വലിയ വിലയുമാണ്. ബര്‍മ, മലേഷ്യ എന്നിവിടങ്ങലില്‍ നിന്നാണ് തേക്ക് കൊണ്ടു വരുന്നത്. താഴ് ഭാഗത്ത് മലേഷ്യന്‍ പ്ലാവ് ആണുപയോഗിക്കുന്നത്. പുതിയ ബോട്ടുകള്‍ അധികവും കൊണ്ടുവരുന്നത് നാട്ടില്‍ നിന്നാണ്. ശേഷം ഇവിടെവെച്ച് രൂപം മാറ്റി മോടി പിടിപ്പിക്കും. ഒമാനില്‍നിന്നും ബോട്ടുകള്‍ കൊണ്ടു വരുന്നു.

നാട്ടില്‍ നിന്നും ലഭിച്ച പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് ദോഹ കോര്‍ണിഷില്‍ പ്രവര്‍ത്തിക്കുന്ന ബേപ്പൂര്‍ സ്വദേശികളായ അനില്‍കുമാര്‍, മനു ശങ്കര്‍ എന്നിവര്‍ പറയുന്നു. വിനോദും കടലൂര്‍ സ്വദേശി ജോഷ്വോയും ചേര്‍ന്ന നാലംഗ സംഘമാണ് ഇപ്പോള്‍ ഒരു ബോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസങ്ങളായി തുടങ്ങിയ യത്‌നം ഇനിയും മാസങ്ങള്‍ നീളും. രാവിലെ ആറിന് ജോലിക്കിറങ്ങും. ഉച്ചക്കു രണ്ടു വരെ തുടരും. ശമ്പളത്തിനാണ് ജോലി. സ്‌പോണ്‍സര്‍മാരെല്ലാം നല്ലവരാണെന്നും നേരത്തേ വന്ന ജോലി പൂര്‍ത്തിയായപ്പോള്‍ പുതിയ ജോലി ഏറ്റെടുത്തതാണെന്നും അവര്‍ പറഞ്ഞു. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. ഇതുപോലെ ഒരുപാട് സംഘങ്ങളാണ് ദോഹയില്‍ ബോട്ട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബേപ്പൂര്‍ ഉരുപ്പെരുമയെ സ്ഥാപിച്ച് കൂടുതല്‍ ആളുകളും ബേപ്പൂരില്‍ നിന്നുള്ളവരാണ്. മോശമല്ലാത്ത ശമ്പളവും ആനുകൂല്യവും കിട്ടുന്നുണ്ടെന്നാണ് ജോലിക്കാര്‍ പറയുന്നത്. അറബികളുടെ കുടുംബ ഉല്ലാസത്തിനായാണ് അധക ബോട്ടുകളും ഉപയോഗിക്കുന്നത്. അറേബ്യന്‍ പാരമ്പര്യത്തിന്റെ അടയാളം കൂടിയായ ഉരുകള്‍ സ്വന്തമായുണ്ടാകുക എന്നത് ഖത്വര്‍ സ്വദേശികളുടെ രീതിയാണ്. വല്ലപ്പോഴും മാത്രമേ ഉപയോഗിക്കൂ എങ്കിലും സ്വന്തം ബോട്ടുകള്‍ വാങ്ങിയും പണി കഴിപ്പിച്ചും കോര്‍ണിഷില്‍ സംരക്ഷിച്ചു പോരുന്നു. പത്തും ഇരുപതും വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുണ്ട് മലയാളികളില്‍. പായക്കപ്പലിലും ലോഞ്ചിലുമൊക്കെയായി ഗള്‍ഫിലെത്തയിരുന്ന മലയാളി പാരമ്പര്യം കൂടിയാണ് ഈ സംഘങ്ങള്‍ ഇവിടെ നിര്‍മിച്ചെടുക്കുന്നത്. സ്പീഡ് ബോട്ടുകളും ആധുനിക ആഢംബര ബോട്ടുകളുമൊക്കെയുണ്ടെങ്കിലും ഇനിയുമൊരുപാടുകാലം പരമ്പരാഗത മരനിര്‍മിത ബോട്ടുകള്‍ ഇവിടെയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ. പക്ഷേ പുതിയ തലമുറയില്‍ നിന്ന് മലയാളികളധികം വരുന്നില്ല. രംഗം പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികള്‍ കീഴടക്കിക്കൊണ്ടിരിക്കുന്നുവെന്നു മാത്രം.