സിറിയയില്‍ 13,000 തടവുകാരെ തൂക്കിക്കൊന്നു

Posted on: February 8, 2017 8:25 am | Last updated: February 8, 2017 at 12:28 am

ദമസ്‌കസ്: ആഭ്യന്തര പ്രക്ഷോഭം ശക്തമായ സിറിയയില്‍ അഞ്ച് വര്‍ഷത്തിനിടെ 13,000 ത്തോളം പേരെ തൂക്കിക്കൊന്നതായി ആംനെസ്റ്റി റിപ്പോര്‍ട്ട്. ഏകപക്ഷീയമായ വിചാരണയിലൂടെ അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കാണ് സിറിയ വേദിയായതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ദൃക്‌സാക്ഷികള്‍, ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, തടവുകാര്‍, ജഡ്ജിമാര്‍ എന്നിവരടക്കം 84 പേരുമായി നടത്തിയ അഭിമുഖം മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാര്‍വിരുദ്ധ വിമത പ്രക്ഷോഭം ആരംഭിച്ച 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ദമസ്‌കസിലെ സൈദ്‌നായ രഹസ്യ തടവറയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. സാധാരണക്കാരും വിമതരുമടക്കമുള്ളവര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ജയിലില്‍ കഴിയുന്നുണ്ട്. പലര്‍ക്കും തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയില്ല.

ആഴ്ചയില്‍ ഒന്നും രണ്ടും തവണയാണ് വധശിക്ഷ നടപ്പാക്കുന്നത്. ആഴ്ചയില്‍ അമ്പത് പേരെ തൂക്കിക്കൊല്ലാറുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിഭാഗത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കൂട്ട വധശിക്ഷകള്‍ നടപ്പാക്കുന്നതെന്ന് ആംനെസ്റ്റി ആരോപിക്കുന്നു.
കേവലം ഒന്ന് മുതല്‍ മൂന്ന് മിനുട്ട് വരെ നീണ്ടുനില്‍ക്കുന്ന നാമമാത്ര വിചാരണയാണ് വടക്കന്‍ സിറിയയിലെ സൈനിക കോടതിയില്‍ നടക്കാറുള്ളതെന്ന് സൈനിക കോടതിയില്‍ നിന്ന് വിരമിച്ച മുന്‍ ജഡ്ജി തന്നെ വെളിപ്പെടുത്തുന്നുണ്ട്. നിയമാനുസൃതമായ ഒരു ബന്ധവുമില്ലാത്ത വിധിയാണ് കോടതിയില്‍ നടക്കാറുള്ളതെന്നും വിചാരണയില്‍ തടവുകാര്‍ക്ക് മുകളില്‍ ചുമത്തപ്പെട്ട കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന ചോദ്യം മാത്രമാണ് ജഡ്ജി ചോദിക്കാറുള്ളത്. ഇതിന് ഉണ്ടെന്നും ഇല്ലെന്നും ഉത്തരം പറയുന്നവര്‍ ശിക്ഷിക്കപ്പെടാറുണ്ട്. അദ്ദേഹം വ്യക്തമാക്കി.
തൂക്കുകയര്‍ മൂക്കിന്റെയടുത്ത് എത്തുമ്പോള്‍ മാത്രമാണ് തടവുകാര്‍ തങ്ങള്‍ വധശിക്ഷക്ക് വിധേയരാകാന്‍ പോകുകയാണെന്ന സത്യം തിരിച്ചറിയാറുള്ളതെന്ന് തടവുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വധശിക്ഷക്ക് വിധേയമാക്കുന്ന ദിവസം തടുവുകാരെ സിവിലിയന്‍ തടവറയിലേക്ക് മാറ്റും. അവിടെ നിന്ന് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഇവരെ മര്‍ദനത്തിന് വിധേയമാക്കും. പിന്നീട് കണ്ണുകെട്ടി തൂക്കുമരത്തിലേക്കും അവിടെ നിന്ന് മൃതദേഹം ലോറിയില്‍ കയറ്റി ദമസ്‌കസിലെ തിശ്‌രീന്‍ സൈനിക ആശുപത്രിയില്‍ എത്തിക്കുമെന്നും പിന്നീട് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തെ കൂട്ടക്കുഴിമാടത്തില്‍ കുഴിച്ചുമൂടുകയുമാണ് ചെയ്യാറുള്ളതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദമസ്‌കസില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ അജ്ഞാത തടവറയില്‍ ആയിരക്കണക്കിനാളുകള്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്ത് 2011 മുതല്‍ 17,700 പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് നേരത്തെ ആംനെസ്റ്റി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഒരു തടവറയില്‍ തന്നെ 13000 പേരെ വധിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതോടെ രാജ്യത്താകമാനം നടന്ന വധശിക്ഷകളുടെ എണ്ണം ഇരുപതിനായിരം കവിയുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ദമസ്‌കസിലെ രഹസ്യ തടവറയിലെ ക്രൂരതകള്‍ വിവരിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ വീഡിയോയും ആംനെസ്റ്റി പുറത്തുവിട്ടിട്ടുണ്ട്. യൂടൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.