ആശയ ഭിന്നത നിലനില്‍ക്കുന്നതായി മുജാഹിദ് സംഘടന

Posted on: February 7, 2017 9:35 pm | Last updated: February 7, 2017 at 9:35 pm
SHARE
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ: അടിസ്ഥാന വിഷയത്തില്‍ യോജിച്ചുവെങ്കിലും മുജാഹിദ് വിഭാഗങ്ങള്‍ക്കിടയില്‍ വൈജ്ഞാനിക വിഷയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഖത്വര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രതിനിധികള്‍. കെ എന്‍ എം സംഘടനാ സെക്രട്ടറി എ അസ്ഗറലിയുടെ രാജി വാര്‍ത്ത ഇതിന്റെ ഭാഗമാണ്. രാജി സ്വീകരിച്ചിട്ടില്ല. ഇത്തരം ചില വാര്‍ത്തകള്‍ പുറത്തു വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ തന്നെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചക്കു ശേഷം നേതൃത്വം വിശദീകരിക്കുന്നതോടെ പ്രശ്‌നം തീരും. ജിന്ന്, സിഹ്‌റ് വിഷയങ്ങളിലുള്‍പ്പെടെ രണ്ടഭിപ്രായങ്ങളുണ്ട്. പണ്ഡിതന്‍മാര്‍ക്കിടയില്‍ എല്ലാ കാലത്തും അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും ജന. സെക്രട്ടറി എം ടി അബ്ദുസ്സമദും ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് ഇരിട്ടിയും പറഞ്ഞു. ഖത്വറിലെ ഇസ്‌ലാഹി സെന്ററുകള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മുജാഹിദുകളിലെ മറ്റു വിഘടിച്ചു നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഒത്തു പോകാന്‍ പറ്റാത്ത വിധം ആശയ പ്രശ്‌നങ്ങളുള്ളതു കൊണ്ടാണ് അവരുമായി ഐക്യം സാധിക്കാത്തത്. അമുസ്‌ലിംകളുടെ മുഖത്തു നോക്കി പുഞ്ചിരിക്കരുതെന്ന ശംസുദ്ദീന്‍ പാലത്തിന്റെയും ഇന്ത്യ വിശ്വാസികള്‍ക്ക് വാസയോഗ്യമല്ലെന്ന വിശ്വാസത്തില്‍ പുറപ്പെട്ടു പോകണമെന്നു പറയുന്നുവരുടെയും നിലപാടുകള്‍ മതവിരുദ്ധമാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു.
വ്യക്തികളുടെ നിലപാടുകള്‍ സംഘടനയുടേതല്ല. എം എം അക്ബറിന്റെ പീസ് സ്‌കൂളിലെ വിവാദ പാഠ പുസ്തകത്തിലെ ഉള്ളടക്കത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ല. പുസ്തകം വായിക്കാതെയാണ് പലരും അഭിപ്രായം പറയുന്നത്. ഇന്ത്യയിലെ ഇരുപതോളം സ്‌കൂളുകളില്‍ ഈ പാഠം പഠിപ്പിക്കുന്നുണ്ട്. അവിടെയൊന്നും പ്രശ്‌നങ്ങളില്ല.

അക്ബറിന്റെ വിഷയത്തില്‍ മുജാഹിദ് സംഘടനകള്‍ വിവിധ തലങ്ങളില്‍ ഇടപെടുകയും ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നുണ്ട്. ഫാസിസ്റ്റ് കാലത്തെ അതിക്രമങ്ങളായാണ് ഇതിനെ കാണേണ്ടതെന്നും അവര്‍ പറഞ്ഞു.
ഇസ്‌ലാഹി ഐക്യ സമ്മേളനം ഈ മാസം 10ന് വൈകുന്നേരം 5.30ന് ദഫ്‌ന ഖത്വര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും. ഖത്വറിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ കെ ജലീല്‍, കെ കെ ഉസ്മാന്‍, വി ടി ഫൈസല്‍, എസ് എ എം ബഷീര്‍ എന്നിവരും സംബന്ധിക്കും.
ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റുമാരായ എന്‍ പി അബ്ദുര്‍റഹ്മാന്‍, എ എ നൂറുദ്ദീന്‍, യു ഹുസൈന്‍ മുഹമ്മദ്, സെക്രട്ടറി സിറാജുദ്ദീന്‍ വണ്ടൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.