താനൂരിന്റെ സമഗ്ര വികസനത്തിന് പദ്ധതികള്‍

Posted on: February 4, 2017 1:20 pm | Last updated: February 4, 2017 at 12:54 pm

താനൂര്‍: താനൂരിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികളൊരുക്കി സംഘടിപ്പിച്ച മണ്ഡലം വികസന സഭ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. മൂലക്കലില്‍ രാവിലെ പത്തിന് എം എല്‍ എ. വി അബ്ദുര്‍റഹ്മാനും മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും ചേര്‍ന്ന് പ്രാവിനെ പറത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കരട് പദ്ധതിയുടെ അവതരണം എം എല്‍ എ. വി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കൃഷി-ജലസേചനം, മൃഗസംരക്ഷണം, കുടിവെള്ളം, ചെറുകിട വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി ക്ഷേമം, ഊര്‍ജം, മാലിന്യ സംസ്‌കരണം, ഭിന്നശേഷി വികസനം, സ്ത്രീ ശാക്തീകരണം, ടൂറിസം, സാമൂഹിക ക്ഷേമം, വയോജന ക്ഷേമം, ശിശുക്ഷേമം, മത്സ്യബന്ധനം, ഭരണ പരിഷ്‌കാരം, പൊതുമരാമത്ത് എന്നീ വിഭാഗങ്ങളില്‍ ഗ്രൂപ്പ് തിരിച്ച ചര്‍ച്ച നടത്തി. പൊതു അവതരണവും നടന്നു. വിഷയത്തിന്റെ ക്രോഢീകരണത്തോടെ താനൂരിന്റെ വികസന മേഖലക്ക് പുത്തനുണര്‍വ് പകര്‍ന്ന പരിപാടി സമാപിച്ചു.

താനാളൂര്‍ പഞ്ചായത്ത് പ്രസി. വി അബ്ദുര്‍റസാഖ് സ്വാഗതം പറഞ്ഞു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി. സി കെ എം ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ, വൈസ് ചെയര്‍മാന്‍ സി മുഹമ്മദ് അശ്‌റഫ്, പൊന്മുണ്ടം പഞ്ചായത്ത് പ്രസി. സുബൈര്‍, ഒഴൂര്‍ പഞ്ചായത്ത് പ്രസി. കെ വി പ്രജിത, നിറമരുതൂര്‍ പഞ്ചായത്ത് പ്രസി. സുഹറ റസാഖ്, ചെറിയമുണ്ടം പഞ്ചായത്ത് പ്രസി. സി. അബ്ദുസ്സലാം പ്രസംഗിച്ചു. ആര്‍ ഡി ഒ സുഭാഷ്, തഹസില്‍ദാര്‍ വര്‍ഗീസ് മംഗലം, കെ ജനചന്ദ്രന്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും സന്തോഷ് ട്രോഫി നായകനായ പി ഉസ്മാനും ചടങ്ങില്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.