ഫെയ്‌സ്ബുക്ക് വീഡിയോ: തന്റെ ഭര്‍ത്താവ് അറസ്റ്റിലെന്ന് ജവാന്റെ ഭാര്യ

Posted on: February 2, 2017 12:39 pm | Last updated: February 2, 2017 at 8:11 pm

ന്യൂഡല്‍ഹി: ജവാന്‍മാര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നുവെന്നാരോപിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ജവാന്‍ അറസ്റ്റിലെന്ന് ഭാര്യ. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവിന്റെ ഭാര്യ ശര്‍മിളയാണ് ആരോപണവുമായി രംഗത്തെത്തിയത്. സൈന്യത്തില്‍ നിന്ന് സ്വയം വിരമിക്കാന്‍ അദ്ദേഹം നല്‍കിയ അപേക്ഷ അധികൃതര്‍ നിരസിച്ചെന്നും ഭാര്യ ആരോപിച്ചു.

മറ്റാരുടേയോ ഫോണില്‍ നിന്ന് തന്നെ വിളിച്ച് ഭര്‍ത്താവ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞെന്ന് അവര്‍ വെളിപ്പെടുത്തി. കടുത്ത മാനസിക പീഡനമാണ് തന്റെ ഭര്‍ത്താവ് നേരിടുന്നത്. അവധിക്ക് വരാനിരുന്ന ഭര്‍ത്താവിനെ കഴിഞ്ഞ 31ന് കാത്തിരുന്നെങ്കിലും വന്നില്ല. പിന്നീട് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് കടുത്ത മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ ബിഎസ്എഫ് നിഷേധിച്ചു. അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. അദ്ദേഹം കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു.