കടന്നുപോയത് മൂന്നര പതിറ്റാണ്ടിലെ കൊടുംചൂടേറിയ മാസം

Posted on: February 2, 2017 9:09 am | Last updated: February 2, 2017 at 2:17 pm

തൃശൂര്‍:പുതുവര്‍ഷത്തെ ആദ്യമാസം കടന്നുപോയത് മൂന്നരപതിറ്റാണ്ടിലെ കാഠിന്യചൂടുമായി. വരും മാസങ്ങളും അത്യുഷ്ണം കേരളം താങ്ങേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
ഇക്കഴിഞ്ഞ ജനുവരി 31 ന് സംസ്ഥാനത്ത് അനുഭവപ്പെട്ട അന്തരീക്ഷ താപനില 37 ഡിഗ്രിയായിരുന്നു. 1982 നു ശേഷം ഇന്നോളം ജനുവരി മാസം അനുഭവപ്പെട്ട ഏറ്റവും കൂടിയ താപനിലയാണിതെന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
93 ജനുവരി 28 ന് രേഖപ്പെടുത്തിയ 36.5 ഡിഗ്രി യാണ് ഇതിനുമുമ്പ് ജനുവരിമാസത്തില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. ഇന്നലെയും കേരളത്തില്‍ പലയിടങ്ങളിലും ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. കൊല്ലം പുനലൂര്‍, തൃശൂര്‍ വെള്ളാനിക്കര എന്നിവിടങ്ങളിലാണ് ഇന്നലെ 37 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. കോഴിക്കോട്, പാലക്കാട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ താപനില.
ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെ ലഭിക്കേണ്ട ഇടക്കാല മഴ വലിയതോതില്‍ ലഭിച്ചില്ലെങ്കില്‍ അന്തരീക്ഷ താപനില ഇനിയും ഉയരുും. മാര്‍ച്ച,് ഏപ്രില്‍ മാസങ്ങളെത്തുമ്പോഴേക്കും വേനല്‍ചൂടില്‍ കേരളം വെന്തുരുകുമെന്നാണ് മുന്നറിയിപ്പുകള്‍. ജലക്ഷാമവും കൃഷിനാശവും കൊണ്ട് ജനം പൊറുതി മുട്ടും. ഇനിയും താപനില ഉയര്‍ന്നാല്‍ സൂര്യാതാപമേറ്റുള്ള മരണവും നിര്‍ജലീകരണവും വേനല്‍ക്കാല പകര്‍ച്ചാവ്യാധികളുമെല്ലാം വ്യാപകമാകും. വളര്‍ത്തുമൃഗങ്ങളും പക്ഷികളുമുള്‍പ്പെടെയുള്ള ജീവജാലങ്ങളെ വരാനിരിക്കുന്ന വേനല്‍ സാരമായി ബാധിക്കുമെന്നും കാലാവസ്ഥാഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആഗോള താപനത്തിന്റെ ഫലമായി ഓരോ വര്‍ഷവും അന്തരീക്ഷ താപനിലയും സൂര്യതാപവും ക്രമാതീതമായി ഉയരുന്നതിന് പുമെ പോയ വര്‍ഷത്തിലുണ്ടായ വന്‍ മഴക്കുറവു കൂടിയായതോടെ ഇത്തവണത്തെ വേനല്‍ കേരളീയര്‍ക്കുണ്ടാക്കുന്ന കെടുതികള്‍ കാഠിന്യമേറിയതായിരിക്കുമെന്നാണ് വിവരം. 2016 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ 24.4 മില്ലീ മീറ്റര്‍ മഴലഭിക്കേണ്ടിടത്ത് 21 ശതമാനം കുറഞ്ഞ് 19.2 മില്ലീ മീറ്ററും, മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ ലഭിക്കേണ്ട 379.9 മില്ലീമീറ്റര്‍ വേനല്‍ മഴയില്‍ (പ്രി മണ്‍സൂണ്‍) 18 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 313 മില്ലീമീറ്റര്‍. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലവര്‍ഷം (തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍) ഈ കുറവുകളെല്ലാം പരിഹരിക്കുമെന്ന് കണക്കാക്കിയിരുന്നെങ്കിലും 34 ശതമാനമായിരുന്നു മഴക്കുറവ്. 2039.7 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് ഈ കാലയളവില്‍ ലഭിച്ചതാകട്ടെ 1352.3 മില്ലീമീറ്റര്‍ മഴയും. ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിക്കേണ്ട വടക്കു കിഴക്കന്‍ മണ്‍സൂണും കൈവിട്ടതോടെയാണ് കേരളം പ്രതിസന്ധിയിലായത്.
480.7 മില്ലീമീറ്റര്‍ മഴലഭിക്കേണ്ട ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 185 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 62 ശതമാനമായിരുന്നു കുറവ്.
ബഹുഭൂരിഭാഗം ജില്ലകളിലും പകുതി മഴ പോലും കഴിഞ്ഞ സീസണുകളിലൊന്നും ലഭിച്ചിട്ടില്ല. മഴ കൂടുതല്‍ ലഭിക്കാറുള്ള വയനാട് ജില്ലയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 59 ശതമാനമായിരുന്നു കുറവ്. വടക്കു കിഴക്കന്‍ കാലവര്‍ഷം കോഴിക്കോട് ജില്ലയില്‍ 82 ശതമാനവും വയനാട്, തൃശൂര്‍ ജില്ലകളില്‍ 68 ശതമാനവും കുറവാണ് രേഖപ്പെടുതതിയത്. . കഴിഞ്ഞ വേനല്‍ മഴയിലും കണ്ണൂര്‍(53), മലപ്പുറം(50) എന്നീ ജില്ലകളില്‍ പകുതിയില്‍ താഴെ മഴ ലഭിച്ചപ്പോള്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍ യഥാക്രമം 49, 47 ശതമാനം മഴക്കുറവനുഭവപ്പെട്ടിരുന്നു.
അസാധാരണമായി തുടര്‍ച്ചയായ എല്ലാ സീസണുകളിലുമുണ്ടായ ഭീമമായ മഴക്കുറവ് സംസ്ഥാനത്തെ ഡാമുകളിലെയും പുഴകളിലെയും കിണറുകളിലെയും കുളങ്ങളുമുള്‍പ്പെടെയുള്ള ജലസംഭരണികളിലെയും ജലവിതാനം ആശങ്കപ്പെടുത്തുംവിധം വലിയ തോതില്‍ കുറയാനിടയാക്കിയിരിക്കുകയാണ്.സാധാരണ വേനല്‍ ചൂട് ഏറുമ്പോഴും കാലവര്‍ഷത്തിലും മറ്റു സീസണുകളിലും ലഭിക്കാറുള്ള മഴക്കൂടുതലാണ് മുന്‍ വര്‍ഷങ്ങളില്‍ ഒരു പരിധി വരെ കേരളത്തെ വരള്‍ച്ചാ കെടുതികളില്‍ നിന്നും രക്ഷിക്കാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ മഴയില്ലാതെ കടന്നു പോയ വര്‍ഷത്തിനു പിന്നാലെയാണ് കൊടും വേനല്‍ വരാനിരിക്കുന്നതെന്നതാണ് ആശങ്കകള്‍ക്കിടയാക്കിയിരിക്കുന്നത്.