ദുബൈ സൈക്കിളോട്ട മത്സരം തുടങ്ങി; റോഡുകളില്‍ നിയന്ത്രണം

Posted on: February 1, 2017 4:24 pm | Last updated: February 1, 2017 at 4:24 pm
ദുബൈ സൈക്കിളോട്ട മത്സരം വീക്ഷിക്കുന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: ദുബൈ ടൂറിന്റെ ഭാഗമായി സൈക്കിളോട്ട മത്സരം തുടങ്ങി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമടക്കം നിരവധി പേര്‍ വീക്ഷിച്ചു. റോഡുകളില്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. ഈ മാസം നാല് ശനി വരെ വിവിധ എമിറേറ്റുകളിലായി റാലി കടന്നുപോകുന്ന പാതകളില്‍ നിയന്ത്രണം ഉണ്ടാകും. ദിവസവും ജുമൈറ മറൈന്‍ സ്‌പോര്‍ട് ക്ലബ്ബില്‍നിന്നായിരിക്കും റാലി തുടങ്ങുക.

ഓരോ റോഡിലും പരമാവധി 10 മിനിറ്റ് നേരത്തേക്ക് മാത്രമായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടാവുകയെന്ന് ആര്‍ ടി എ ട്രാഫിക് ഏജന്‍സി സി ഇ ഒ മൈത്ത ബിന്‍ അദിയ്യ് പറഞ്ഞു. സിഗ്‌നലുകളും അതിനനുസരിച്ച് ക്രമീകരിക്കും.
കിങ് സല്‍മാന്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ജബല്‍ അലി ലിഹ്ബാബ് റോഡ്, ദുബൈ-അല്‍ ഐന്‍ റോഡ്, അല്‍ ലിസൈലി, അല്‍ ഖുദ്‌റ സ്ട്രീറ്റുകള്‍, ഉമ്മു സുഖീം, അല്‍ അസായില്‍, ഖര്‍ന് അല്‍ സബ്ക് റോഡുകള്‍, അല്‍ വുറൂദ്, അല്‍ ഖൈല്‍, അല്‍ നസീം, അബ്ദുല്ല ഉംറാന്‍ തരിയാം എന്നീ സ്ട്രീറ്റുകള്‍, ശൈഖ് സായിദ് സര്‍വീസ് റോഡ്, പാം ജുമൈറ സ്ട്രീറ്റ് എന്നിവിടങ്ങളിലായിരുന്നു ഉദ്ഘാടനദിനമായ ചൊവ്വാഴ്ച റാലി.
ബുധന്‍ രണ്ടാം സ്റ്റേജില്‍ കിങ് സല്‍മാന്‍, ഉമ്മു സുഖീം, അല്‍ ഖൈല്‍, റാസല്‍ഖോര്‍, അല്‍ അവീര്‍ സ്ട്രീറ്റുകളിലും എമിറേറ്റ്‌സ് റോഡിലും ഷാര്‍ജയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള പ്രവേശനപാതയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
വ്യാഴം മൂന്നാംഘട്ടത്തില്‍ കിങ് സല്‍മാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം റോഡ്, അല്‍ ഖൈല്‍ സ്ട്രീറ്റ്, റാസല്‍ഖോര്‍ സ്ട്രീറ്റ്, ദുബൈ- അല്‍ ഐന്‍ റോഡ്, അക്കാദമിക് സിറ്റി സ്ട്രീറ്റ്, അല്‍ അവീര്‍ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ്, സിലിക്കണ്‍ ഒയാസിസ് പരിസരത്തെ ഉള്‍റോഡുകള്‍ എന്നിവയ്ക്കുപുറമെ, ഷാര്‍ജയില്‍നിന്ന് ഫുജൈറയിലേക്കുള്ള പ്രവേശനപാത എന്നിവിടങ്ങളിലും റാലി നടക്കും.

വെള്ളി നടക്കുന്ന നാലാംഘട്ടത്തില്‍ കിങ് സല്‍മാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, റാസല്‍ഖോര്‍ സ്ട്രീറ്റ്, അവീര്‍ സ്ട്രീറ്റ്, ഹത്തഒമാന്‍ റോഡ്, ഷാര്‍ജയില്‍നിന്ന് ഫുജൈറയിലേക്കുള്ള പ്രവേശനപാത എന്നിവ വഴിയാണ് റാലി കടന്നുപോവുക. ശനിയാഴ്ച അഞ്ചാം ഘട്ടത്തിലാണ് ഏറ്റവുമധികം റോഡുകളെ ബാധിക്കുന്ന രീതിയില്‍ ദുബൈ നഗരത്തില്‍ റാലിനടക്കുക.

ഉമ്മു സുഖീം, അല്‍ അസായില്‍, ഒയാസിസ്, മെയ്ദാന്‍, ദുബൈയ്- അല്‍ ഐന്‍, ഊദ് മേത്ത, അല്‍ ഖൈല്‍, റബാത്, ഖവാനീജ്, സ്ട്രീറ്റ് 222, തുനീസ്, അല്‍ നഹ്ദ, ദമാസ്‌കസ്, ബഗ്ദാദ്, കെയ്‌റോ, മംസാര്‍ ബീച്ച്, അല്‍ ഖലീജ്, കോര്‍ണിഷ്, ബനിയാസ്, മക്തൂം ബ്രിഡ്ജ്, ബിന്‍ വലീദ്, ബര്‍ ദുബൈ അല്‍ മുസല്ല, അല്‍ ഫഹീദി, അലി ബിന്‍ അബി താലിബ് എന്നീ റോഡുകളിലാണ് ഗതാഗതനിയന്ത്രണത്തിന് സാധ്യത.
സൈക്കിളോട്ട മത്സരത്തില്‍ മാറ്റുരക്കാന്‍ പ്രമേഹ രോഗികളുടെ ടീമും രംഗത്തുണ്ട് . പ്രമേഹ ബാധിതര്‍ക്ക് കായികരംഗത്തും തിളങ്ങാന്‍ കഴിയും എന്ന സന്ദേശം കൈമാറാനാണ് എട്ടംഗ ടീം മല്‍സരത്തിനിറങ്ങുന്നത്.
ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ എട്ട് പേരാണ് ദുബൈ ടൂര്‍ സൈക്കിളോട്ട മല്‍സരത്തില്‍ കരുത്ത് തെളിയിക്കാന്‍ ഇറങ്ങുന്നത്. പ്രമേഹ മരുന്ന് നിര്‍മാതാക്കളായ നോവോ നോര്‍ഡിസ്‌കാണ് ടീമിനെ രംഗത്തിറക്കുന്നത്. ഫ്രഞ്ച് താരം ചാള്‍സ് പ്ലാനറ്റ്, ആസ്‌ട്രേലിയന്‍ താരം ക്രിസ് വില്യംസും ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചു.

പ്രമേഹത്തെ അതിജീവിച്ച് കായിക ഇനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പലപ്പോഴും ഈ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം കായികതാരങ്ങള്‍ ലോകമൊട്ടുക്കുള്ള പ്രമേഹരോഗികള്‍ക്ക് ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണെന്ന് എമിറേറ്റ്‌സ് ഡയബറ്റിക്‌സ് സൊസൈറ്റി മേധാവി അബ്ദുറസാഖ് അല്‍ മദനി പറഞ്ഞു. ഫെബ്രുവരി നാല് വരെയാണ് ലോക സൈക്കിള്‍ ചാമ്പ്യന്‍മാര്‍ അണിനിരക്കുന്ന ദുബൈ ടൂര്‍ മല്‍സരം നടക്കുക.