അഭയാര്‍ഥി കരാറില്‍ നിന്ന് പിന്മാറുമെന്ന് തുര്‍ക്കിയുടെ മുന്നറിയിപ്പ്‌

Posted on: January 28, 2017 3:01 pm | Last updated: January 28, 2017 at 3:01 pm
SHARE
പട്ടാള അട്ടിമറി പരാജയപ്പെട്ടതിനെ തുര്‍ന്ന് സൈനികരെ ജനം തെരുവില്‍ നേരിട്ടപ്പോള്‍ (ഫയല്‍ ചിത്രം)

അങ്കാറ: ഏതന്‍സുമായുള്ള അഭയാര്‍ഥി കരാറില്‍ നിന്ന് പിന്മാറുമെന്ന് തുര്‍ക്കിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന പരാജയപ്പെട്ട അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ തുര്‍ക്കിക്ക് വിട്ടുകൊടുക്കുന്നത് ഏതന്‍സ് സുപ്രീം കോടതി വിലക്കിയ സാഹചര്യത്തിലാണ് ഈ ഭീഷണി. ഏതന്‍സുമായുള്ള കരാറില്‍ പുനരാലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലുദ് കാവുസോഗ്‌ലു പ്രതികരിച്ചത്. തുര്‍ക്കിയിലെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുര്‍ക്കിയുടെ മുന്നറിയിപ്പ്.

അമേരിക്കയുമായും ഗ്രീസുമായും യൂറോപ്യന്‍ യൂനിയനുമായും അഭയാര്‍ഥി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച നിര്‍ണായക ചുവടുവെപ്പുകള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുര്‍ക്കി വഴി ഏതന്‍സിലെത്തിയ അഭയാര്‍ഥികളെ തിരിച്ചെടുക്കുമെന്നായിരുന്നു കരാറില്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ പുനരാലോചന വേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തുര്‍ക്കി തിരിച്ചെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മില്‍ കരാറുണ്ടാക്കിയത്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്തരമൊരു കരാറില്‍ ഇരു വിഭാഗവും എത്തിച്ചേര്‍ന്നത്. ഇതേതുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹത്തില്‍ വന്‍ കുറവും രേഖപ്പെടുത്തിയിരുന്നു. സിറിയയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വന്‍ തോതില്‍ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇതുപോലെ, തുര്‍ക്കിയും ഏതന്‍സും സമാനമായ കരാറില്‍ ഒപ്പിട്ടിരുന്നു.

രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയ രാജ്യദ്രോഹികളായ ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങളുമായി നല്ല നിലയില്‍ തുടരാനാകുമെന്ന് കരുതുന്നില്ല. ഗ്രീസ് ഈ വിഷയം ഉള്‍ക്കൊള്ളണമെന്നും അഭിമുഖത്തിനിടെ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് ഏതന്‍സ് കോടതി വിധിപുറപ്പെടുവിച്ചത്. ഗൂഢാലോചന നടത്തിയെന്ന് പറയപ്പെടുന്ന സൈനികര്‍ക്ക് തുര്‍ക്കിയില്‍ ന്യായമായ വിചാരണ ലഭിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ കോടതിയുടെ ഈ നിലപാടിനെ, കോടതി വിധിയല്ല, മറിച്ച് രാഷ്ട്രീയ തീരുമാനമെന്നായിരുന്നു തുര്‍ക്കി വിശേഷിപ്പിച്ചത്. ഈ ഉദ്യോഗസ്ഥരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാം തവണയും ഗ്രീക്കിന് കത്ത് നല്‍കിയിരുന്നു.