ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ്

Posted on: January 20, 2017 11:47 pm | Last updated: January 21, 2017 at 12:53 pm
SHARE

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തി പ്രാപിക്കെ ജെല്ലിക്കെട്ട് നിരോധന കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി. ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ഇതുസംബന്ധിച്ച ഹരജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യപ്രകാരം അസാധാരണ നടപടിയായാണ് സുപ്രീം കോടതിയുടെ തീരുമാനം. കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന് മുമ്പാകെയെത്തി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് വിധി പറയല്‍ നീട്ടിവെച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ ദിവസങ്ങളിലെ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അറ്റോര്‍ണി ജനറല്‍ കോടതിയെ സമീപിച്ചത്.
നേരത്തെ ജെല്ലിക്കെട്ട് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്ന കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വിധിപറയാനിരുന്ന കേസില്‍ നേരിട്ടെത്തി വിധി മാറ്റിവെക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചത്. മൃഗസംരക്ഷണവും പാരമ്പര്യ കായിക ഇനവും ഒന്നുപോലെ പരിഗണിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ജെല്ലിക്കെട്ട് പരമ്പരാഗത കായിക ഇനമായി പ്രാബല്യത്തില്‍ വരുത്താനുള്ള നിയമനിര്‍മാണം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാറിന് അധികാരമുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇത്തരമൊരു ഓര്‍ഡിനന്‍സ് തയ്യാറാക്കിയ തമിഴ്‌നാട് ഇന്ന് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.
അതേസമയം, ജെല്ലിക്കെട്ടിന് വേണ്ടിയുള്ള പ്രതിഷേധം തമിഴ്‌നാടില്‍ നാലാം ദിവസവും തുടര്‍ന്നു. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്റെയും കനിമൊഴിയുടെയും നേതൃത്വത്തില്‍ ഡി എം കെയും പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. തുടര്‍ന്ന് പോലീസ് സ്റ്റാലിനെ കരുതല്‍ തടങ്കലിലാക്കി. ഡി എം കെയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ട്രെയിന്‍ തടഞ്ഞതിനാല്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ താര സംഘടനയായ നടികര്‍ സംഘം നിരാഹാര സമരം നടത്തി. ടി നഗറില്‍ നടന്ന സമരത്തില്‍ രജനികാന്ത്, അജിത്ത്, സൂര്യ തുടങ്ങിയവര്‍ പങ്കെടുത്തു. ഓട്ടോ, ടാക്‌സികളും ഇന്നലെ പണിമുടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here