ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം; പ്രതീക്ഷയുടെ ചിറകില്‍ ഇന്ത്യയും യു എ ഇ യും

Posted on: January 19, 2017 10:48 pm | Last updated: January 19, 2017 at 10:48 pm
SHARE

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയായി പങ്കെടുക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. 2015 ആഗസ്റ്റില്‍ നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനത്തിനും 2016 ഫെബ്രുവരിയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനും ശേഷം വീണ്ടും ഇത്തരമൊരു കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങുന്നത് ഉഭയകക്ഷി ബന്ധത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ക്കുള്ള താല്‍പര്യമാണ് പ്രകടമാക്കുന്നതെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു. ശൈഖ് മുഹമ്മദിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇരു രാജ്യങ്ങളിലെ നയതന്ത്ര പ്രധിനിധികള്‍ തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ആദ്യ നയതന്ത്ര സംഭാഷണം നാളെ (വെള്ളി) ന്യൂഡല്‍ഹിയില്‍ നടക്കും. വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍, ദേശീയ സുരക്ഷാ ഉപഷേ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ വികസിപ്പിക്കുക, ഇന്ത്യയില്‍ യു എ ഇയുടെ നിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലൂന്നിയായിരിക്കും സംഭാഷണം. എണ്ണ, പുനരുപയുക്ത ഊര്‍ജം എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പ്രതിരോധം, സുരക്ഷ, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സഹകരണ കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യ-യു എ ഇ വ്യവഹാരങ്ങളില്‍ വലിയ പുരോഗതിയാണ് അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്. യു എ ഇയും ഇന്ത്യയും ചേര്‍ന്ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് രൂപംനല്‍കാനും ഇരു രാജ്യങ്ങളിലെയും പാര്‍ലമെന്റേറിയന്മാര്‍ പരസ്പര സന്ദര്‍ശനം നടത്താനും 2016 ജൂണില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന വൈബ്രന്റ് നിക്ഷേപ സംഗമത്തില്‍ യു എ ഇ സര്‍ക്കാറിന്റെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. സംഗമത്തില്‍ പങ്കെടുക്കുന്ന ആദ്യ മുസ്‌ലിം രാഷ്ട്രമാണ് യു എ ഇ. 2016 ഒക്‌ടോബര്‍ 22, 23 തീയതികളില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലും യു എ ഇ പങ്കെടുത്തിരുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം നാലു ലക്ഷം കോടി രൂപയുടേതാണ്. കര്‍ണാടകയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഭൂഗര്‍ഭ സംഭരണശാലയില്‍ ഇന്ധനം സൂക്ഷിക്കാന്‍ യു എ ഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. 53 ലക്ഷം ടണ്‍ ഇന്ധനം ഇവിടെ സൂക്ഷിക്കാനാണ് പദ്ധതി. ഏതെങ്കിലും കാരണത്താല്‍ ഇന്ത്യയിലേക്കും സമീപ രാജ്യങ്ങളിലേക്കുമുള്ള ഇന്ധന വിതരണത്തില്‍ തടസം നേരിടുകയാണെങ്കില്‍ ഉപയോഗിക്കാനാണ് ഈ കരുതല്‍ ശേഖരം.

ആവശ്യമുള്ള സമയത്ത് പണം കൊടുത്ത് ഇതില്‍നിന്ന് ഇന്ധനം എടുക്കാന്‍ ഇന്ത്യക്ക് സാധിക്കും. പണച്ചെലവില്ലാതെ തന്നെ കരുതല്‍ ശേഖരം ഒരുക്കാം എന്നതാണ് ഇതില്‍ ഇന്ത്യക്കുള്ള നേട്ടം. വിതരണത്തില്‍ തടസം നേരിട്ടാല്‍ വ്യാപാരത്തെ ബാധിക്കരുതെന്നാണ് ഇതുകൊണ്ട് യു എ ഇ ലക്ഷ്യമാക്കുന്നത്. ഇത്തരത്തില്‍ പരസ്പരമുള്ള വ്യാപാ രബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ റിപ്പബ്ലിക്ദിന പരിപാടിയുടെ മുഖ്യാതിഥിയായി ക്ഷണിച്ചത്. ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനിരിക്കുന്ന ആദ്യ യു എ ഇ നേതാവാണ് ശൈഖ് മുഹമ്മദ്.