ഖത്വര്‍ പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക്‌

Posted on: January 18, 2017 9:56 pm | Last updated: January 18, 2017 at 9:59 pm
SHARE
തദ്ദേശ പച്ചക്കറികളുടെ പ്രചാരണം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി ഉത്പന്നങ്ങള്‍ പരിശോധിക്കുന്നു

ദോഹ: അഞ്ചു ലവര്‍ഷത്തിനകം ഖത്വര്‍ പച്ചക്കറി സ്വയം പര്യാപ്ത രാജ്യമാകുമെന്ന് നഗരസഭാ, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി പ്രസ്താവിച്ചു. രാജ്യത്തെ കൃഷിത്തോട്ട ഉടമകളുമായും വാണിജ്യ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനുള്ള പദ്ധതി തയാറാക്കുന്നത്. തദ്ദേശീയ പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വിപണിയും ഉപഭോക്താക്കളെയും കണ്ടെത്തുന്നതിനായി മന്ത്രാലയം നടത്തുന്ന പ്രചാരണ പരിപാടിയുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ചില സീസണുകളില്‍ രാജ്യത്തേക്ക് ആവശ്യമായ പച്ചക്കറികളില്‍ 80 ശമതാനവു വിതരണം ചെയ്യാന്‍ പ്രാദേശിക ഫാമുകള്‍ക്കു സാധിക്കുന്നുണ്ട്. ഇത് എല്ലാ കാലത്തും ലഭ്യമാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ പദ്ധതി. ഘട്ടം ഘട്ടമായി 2022 ആകുമ്പോഴേക്കും രാജ്യം സമ്പൂര്‍ണ പച്ചക്കറി പര്യാപ്തമായി മാറുന്നതിനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കര്‍ഷകരെയും കാര്‍ഷികോത്പന്ന വ്യവസായ മേലയെയും പിന്തുണക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ സന്നദ്ധരാകുന്നവര്‍ക്കെല്ലാം ഗവണ്‍മെന്റിന്റെ സഹായമുണ്ടാകും.
ഉത്പാദകര്‍ക്ക് സാങ്കേതിക സഹായങ്ങളും വെള്ളം, വൈദ്യുതി പോലുള്ള സഹായങ്ങളും മന്ത്രാലയം നല്‍കുന്നുണ്ട്. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ ഓരോന്നും പരിഹരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര പച്ചക്കറി ഉത്പാദാനം നിര്‍ണായക വളര്‍ച്ച കൈവരിക്കുകയും അടുത്ത വര്‍ഷത്തോടെ തന്നെ മാര്‍ക്കറ്റില്‍ പ്രതിഫലനമുണ്ടാകുകയും ചെയ്യും. കഴിഞ്ഞ കാലങ്ങളില്‍ പരിമിതമായ അളവില്‍ മാത്രമേ പ്രാദേശിക ഉത്പാദനം ഉണ്ടായിട്ടുള്ളൂ. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതോടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യം നേടാന്‍ കഴിയുന്നവിധം വളര്‍ച്ച കൈവരിക്കും. രാജ്യാന്തര നിലവാരമുള്ള പച്ചക്കറികളാണ് രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പുലര്‍ത്തുന്ന ഗുണമേന്മയെ മന്ത്രി പ്രശംസിച്ചു. ആവശ്യക്കാര്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നതും അതുകൊണ്ടാണ്. രാജ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പൊതു വിപണിയില്‍ ഖത്വര്‍ പച്ചക്കറികള്‍ ലഭിച്ചു തുടങ്ങുന്നതോടെ കൂടുതല്‍ പ്രചാരവും സ്വീകാര്യതയും കൈവരും. ജൈവ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനും മന്ത്രി കര്‍ഷകരെ അഭിനന്ദിച്ചു.
തദ്ദേശ പച്ചക്കറികള്‍ക്കായി പ്രത്യേക വിപണന സ്റ്റാളുകള്‍ ഒരുക്കാന്‍ സന്നദ്ധമായ അല്‍ മീറ ഹൈപ്പര്‍മാര്‍ക്കറ്റിനെയും മന്ത്രി അഭിനന്ദിച്ചു.

അല്‍ മീറയുമായി സഹകരിച്ച് നടത്തുന്ന പ്രചാരണ പരിപാടിയില്‍ ഈ വര്‍ഷം 19 കൃഷിസ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളെ സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പ്രചാരണത്തില്‍ വാണിജ്യ മന്ത്രാലയം, വാണിജ്യ, ഉപഭോക്തൃ സംരക്ഷണ വിഭാഗം എന്നിവയുമായി സഹകരിച്ചു നടത്തുന്ന കാംപയിന്‍ കാലത്ത് വിവിധയിനം പച്ചക്കറി ഉത്പന്നങ്ങള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കും. ഖത്വരി ഉത്പന്നങ്ങളുടെ ലോഗോ സഹിതമാണ് പ്രചാരണം.

LEAVE A REPLY

Please enter your comment!
Please enter your name here