പഞ്ചവാദ്യം ഇവര്‍ക്ക് കുട്ടിക്കളിയല്ല

Posted on: January 18, 2017 9:00 am | Last updated: January 18, 2017 at 9:00 am

കണ്ണൂര്‍ : പാലക്കാട് പെരിങ്ങോട് എച്ച് എസിന്റെ ആദര്‍ശ് കറ്റശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഇക്കുറിയും പഞ്ചവാദ്യത്തില്‍ കൊട്ടിക്കയറി. പരമ്പരയായി ഒരു നാട് തുടരുന്ന മുറ തെറ്റാത്ത വാദ്യ പരിശീലനമാണ്. ആദര്‍ശിനെയും കൂട്ടരെയും ഇക്കുറിയും വിജയ പഥത്തിലെത്തിച്ചത്.ഹയര്‍സെക്കന്‍ഡറി പഞ്ചവാദ്യ മത്സരത്തില്‍ സാധാരണക്കാരുടെ കുടുംബത്തില്‍ പെട്ടവരാണ് സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ അധികവും. അതു കൊണ്ട് തന്നെ പഠനക്കളരിക്കു പുറത്തും വാദ്യം ഇവര്‍ക്ക് ജീവിതോപാധി കൂടിയാണ്. വര്‍ഷങ്ങളായി പഞ്ചവാദ്യ മത്സരങ്ങളില്‍ പെരിങ്ങോടിന്റെ പെരുമയാണ് മുഴങ്ങാറുള്ളത്.എട്ട് വര്‍ഷമായി എച്ച് എസ് എസ് വിഭാഗത്തില്‍ മത്സരിച്ച ഇവര്‍ക്ക് ഒരു തവണ മാത്രമാണ് താളം തെറ്റിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇവര്‍ പെരുമ തിരിച്ചെടുത്തു. പെരിങ്ങോട് ഗ്രാമത്തിലും പരിസരത്തുമായി അയ്യായിരത്തോളം പേര്‍ പഞ്ചവാദ്യ കലാകാരന്മാരായുണ്ട്. തൃശൂര്‍ പൂരം ഉള്‍പ്പെടെ പ്രധാന വേദികളിലും ഇവര്‍ സ്ഥിരം സാന്നിധ്യമാണ്. ഗൗതംദാസ്, എം കെ വിഷ്ണു, പി പി ഗോകുല്‍, ടി ശ്രീരാജ്, ജിതിന്‍രാജ്, ജിഷ്ണുപ്രസാദ് എന്നിവരാണ് സംഘാംഗങ്ങള്‍.