Connect with us

Gulf

ഡെ. കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍ പടിയിറങ്ങുന്നത് ചാരിതാര്‍ഥ്യത്തോടെ

Published

|

Last Updated

ദുബൈ: വിദേശ്യ കാര്യ വകുപ്പില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കി ദുബൈ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍ ഫെബ്രുവരി ഒന്നിന് പടിയിറങ്ങുന്നു. 1978ല്‍ പൊന്നാനി എം ഇ എസ് കോളേജില്‍ നിന്നും കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദം നേടി പുറത്തിറങ്ങിയ മുരളീധരന്‍ അതേവര്‍ഷംതന്നെ വിദേശകാര്യ മന്ത്രാലയത്തില്‍ ഗ്രൂപ്പ് ബി വിഭാഗത്തില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ അംഗമാകുകയായിരുന്നു.

ദുബൈ കോണ്‍സുലേറ്റ്, ശ്രീലങ്കയിലെ കൊളൊംബോ ഹൈക്കമ്മീഷണര്‍ കാര്യാലയം, ഇസ്‌റാഈലിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സ്ഥാനപതി കാര്യാലയം, സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം, എന്നിവിടങ്ങളില്‍ രാഷ്ട്രീയ പാസ്‌പോര്‍ട് കോണ്‍സുലര്‍, വിസ, സാംസ്‌കാരിക സാമൂഹിക സേവനം എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് മുരളീധരന്‍ വിദേശകാര്യവകുപ്പില്‍ നിന്നും പടിയിറങ്ങുന്നത്. ശ്രീലങ്കയിലെ കൊളൊംബോയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ കാര്യാലയത്തില്‍ ഫസ്റ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് 2013 ആഗസ്റ്റില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ പദവി ഏറ്റെടുക്കുന്നത്. ഏറ്റവും കൂടുതല്‍ സേവനമനുഷ്ഠിച്ചത് ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തായിരുന്നു. മലപ്പുറത്ത് പാസ്‌പോര്‍ട് ഓഫീസറായും കോഴിക്കോട് ഡെപ്യൂട്ടി പാസ്‌പ്പോര്‍ട് ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു.

മലപ്പുറം പൊന്നാനി സ്വദേശിയായ ഇദ്ദേഹം പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് താമസം. അവശേഷിക്കുന്ന കാലം സാമൂഹിക സേവനത്തിന് പുറമെ വിദ്യാഭ്യാസ മേഖലയിലും കാര്‍ഷിക രംഗത്തും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ കുറിച്ച് വലിയ മതിപ്പാണ് വിദേശ രാജ്യങ്ങള്‍ക്കുള്ളത്. ഇന്ത്യക്കാര്‍ അധ്വാനശീലരും സത്യസന്ധരും വിദ്യാഭ്യസമുള്ളവരുമാണ്. ഏത് രാജ്യത്ത് പോയാലും ആ രാജ്യത്തെ നിയമത്തിനനുസരിച്ച് ജീവിക്കണം. ഇന്ത്യക്കാര്‍ തന്നെ ഇന്ത്യക്കാരെ ചൂഷണം ചെയ്യരുത്.
ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യരുത്. വിദേശ രാജ്യത്ത് ഇന്ത്യക്കാര്‍ക്കുള്ള പേരും പെരുമയും കളയുന്ന പ്രവര്‍ത്തിയില്‍ ഏര്‍പെടരുത്, അദ്ദേഹം പറഞ്ഞു. 38 വര്‍ഷവും മൂന്ന് മാസവും സേവനമനുഷ്ഠിച്ച ശേഷമാണ് വിദേശകാര്യവകുപ്പില്‍ നിന്നും മുരളീധരന്‍ പടിയിറങ്ങുന്നത്. ഭാര്യ പ്രേമ ദുബൈയിലുണ്ട്. രണ്ട് പെണ്‍ മക്കളില്‍ ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ സിഡ്‌നിയിലും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി