‘പഞ്ചാബ് വിപ്ലവ’ത്തിന് കെജ്‌രിവാള്‍ കുടുംബസമേതം

Posted on: January 17, 2017 8:13 am | Last updated: January 17, 2017 at 12:14 am
കെജ്‌രിവാളിന്റെ ഭാര്യയും മക്കളും അമൃത്‌സറില്‍ പ്രചാരണത്തിനിടെ

ചണ്ഡീഗഢ്: മറ്റൊരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിന് പഞ്ചാബില്‍ നീക്കങ്ങളാരംഭിച്ച എ എ പിക്ക് വേണ്ടി പ്രചാരണം കൊഴുപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയും മക്കളും അമൃത്‌സറില്‍.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ സജീവമായി പങ്കെടുക്കുകയാണ് കെജ്‌രിവാളിന്റെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായ മകള്‍ ഹര്‍ഷിത, പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ പുള്‍കിത് എന്നിവര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും മാതാവ് സുനിതക്കൊപ്പം അമൃത്‌സറിലെത്തിയത്. ‘എല്ലാവരും എ എ പി… എ എ പി എന്ന് ഉച്ചത്തില്‍ വിളിക്കുന്നുണ്ട്. അവരെല്ലാവരും പഞ്ചാബിന്റെ സമഗ്ര മാറ്റം ആഗ്രഹിക്കുന്നു. എ എ പിക്ക് ഉജ്ജ്വല വിജയമാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്’- പ്രചാരണങ്ങള്‍ക്കിടെ പുള്‍കിത് പറഞ്ഞു.

‘ഡല്‍ഹി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരിച്ച് പറയുമ്പോള്‍ എ എ പിയുടെ ആവശ്യകത ജനങ്ങള്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ട്. പുതിയ പാര്‍ട്ടിക്ക് സംസ്ഥാനത്ത് ഒരവസരം തന്നെയാണ് അവര്‍ ഉറപ്പുനല്‍കുന്നത്’- ഹര്‍ഷിതയും പ്രതികരിച്ചു. അതേസമയം, രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുണ്ടോ എന്ന ചോദ്യത്തിന്, ‘ഇല്ല’ എന്നു തന്നെയാണ് ഹര്‍ഷിതയുടെ ഉറച്ച മറുപടി.