Connect with us

Gulf

ഐ എസ് ഐ എസിനെതിരെ 14 രാജ്യങ്ങളുടെ ജനറല്‍ സ്റ്റാഫ് ചീഫുമാര്‍ റിയാദില്‍ ഒത്തുചേരുന്നു

Published

|

Last Updated

ദമ്മാം: ഐഎസിനെതിരെ ആഗോള കൂട്ടയ്മയിലെ പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള പൊതുജീവനക്കാരുടെ പ്രമുഖരുടെ സമ്മേളനം ഞാറാഴ്ച റിയാദില്‍. സഊദി, യുഎസ്എ, ജോര്‍ദാന്‍, യുഎഇ, ബഹ്റൈന്‍, തുര്‍ക്കി, ടുണീഷ്യ, ഒമാന്‍, ഖത്വര്‍, കുവൈത്ത്, ലെബനാന്‍, മലേഷ്യ, മൊറോക്കോ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഐ എസ് നെ തുടച്ചു നീക്കുന്നതിനുള്ള സമീപനങ്ങളുടെ ചര്‍ച്ചയില്‍ പങ്കുചേരും.

ലോക തലത്തില്‍ ഭീഷണിയുയര്‍ത്തുന്ന തീവ്രവാദ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെയുള്ള ഏതു ആഗോള നീക്കത്തേയും പിന്തുണക്കാന്‍ സഊദി ബാധ്യസ്ഥമാണെന്ന് സഊദി ജനറല്‍ സ്റ്റാഫ് ചീഫ്, ജനറല്‍ അബ്ദുല്‍ റഹ്മാന്‍ സ്വാലിഹ് അല്‍ ബുന്‍യാന്‍ പറഞ്ഞു. ആഗോള ഭീകര നീക്കങ്ങളെ ചെറുക്കുന്നതിനും തോല്‍പ്പിക്കുന്നതിനുമുള്ള ദൃഢനിശ്ചയങ്ങള്‍ക്കും നീക്കങ്ങള്‍ക്കും വേദിയാകുന്ന റിയാദ് സമ്മേളനത്തിന് സഊദി രണ്ടാം കിരീടാവകാശിയും മന്ത്രിയുമായ മുഹമ്മദ് സല്‍മന്‍ ബിന്‍ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കും. മധ്യപൂര്‍വ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനും തീവ്രഗ്രൂപ്പുകളെ പാടെ തുടച്ചു നീക്കുന്നതിനും സഊദി ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്.

ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ ഭീഷണി നേരിടുന്നത് സഊദി അറേബ്യയാണ്. ഭീകരരുടെ സൈനിക, സാമ്പത്തിക, ധൈഷണിക സന്നാഹങ്ങള്‍ക്കെതിരെ പ്രദേശങ്ങളുടെ ഏകീകരണത്തിന് നേതൃത്വം നല്‍കുന്ന ആദ്യ രാജ്യമാണ് സഊദി. ISIS ന് എതിരെ 2014 ല്‍ രൂപീകൃതമായ ആഗോള ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി 500 മില്യന്‍ ഡോളറിന്റെ ധനസഹായം നല്‍കിയിട്ടുണ്ട്. അറുപതിലധികം രാജ്യങ്ങള്‍ ഇതേ ലക്ഷ്യത്തിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. അതിര്‍ത്തികളിലൂടെയുള്ള നുഴഞ്ഞു കയറ്റം തടയാനും സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്തി തകര്‍ക്കാനും ഇത് ഏറെ ഉപകരിക്കുന്നു.