Connect with us

Gulf

ഖത്വറില്‍ വിമാന യാത്രക്കാര്‍ ഇ ഗേറ്റ് ഉപയോഗിക്കണം

Published

|

Last Updated

ദോഹ: ഹമദ് വിമാനത്താവളം വഴി പോകുകയും വരികയും ചെയ്യുന്ന എല്ലാ യാത്രക്കാരും ഇ ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാശിദ് അല്‍ മസ്‌റൂഇ ആവശ്യപ്പെട്ടു. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കു മുന്നില്‍ ദീര്‍ഘനേരം വരി നിന്ന് സമയം നഷ്ടപ്പെടുത്തുന്നതിനു പകരം വളരെ പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ ഗേറ്റുകളിലൂടെ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഇ ഗേറ്റ് ഉപയോഗിക്കാവുന്ന സൗകര്യം രണ്ടാഴ്ച മുമ്പാണ് നിലവില്‍ വന്നത്. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഇ ഗേറ്റുകളുടെ എണ്ണം 35 ആക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്ക് ഗേറ്റ് ഉപയോഗിക്കുന്നതിന് സാങ്കേതിക സഹായം നല്‍കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ സീല്‍ പതിക്കണമെന്ന് ആവശ്യമുള്ളവര്‍ക്ക് ഇതിനായി പ്രത്യേക കൗണ്ടര്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ തുറന്നിട്ടുണ്ട്. സീല്‍ പതിക്കാന്‍ വേണ്ടി ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാത്തു നില്‍ക്കേണ്ടതില്ല. യാത്രക്കാര്‍ക്ക് ഒരു ജീവനക്കാരനെ പോലും സമീപിക്കാതെ എല്ലാം സ്വന്തമായി നിര്‍വഹിക്കാവുന്ന ഇലക്‌ട്രോണിക് സേവനമാണ് എയര്‍പോര്‍ട്ടില്‍ നടപ്പിലക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് തങ്ങളുടെ ഐ ഡി കാര്‍ഡുകള്‍ ഇലക്‌ട്രോണിക് ആണെങ്കിലും അല്ലെങ്കിലും ഇ ഗേറ്റ് ഉപയോഗിക്കാമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ലവിഭാഗം മേധാവി മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ മുല്ല പറഞ്ഞു. ഇ ഗേറ്റിലെ ഇ റീഡറില്‍ ഐ ഡി വെച്ചാല്‍ അതിലെ ബയോമെട്രിക് വിവരങ്ങള്‍ സ്‌കാന്‍ ചെയത് ഉറപ്പു വരുത്തുന്നതാണ് രീതി. ഇതോടെ ആദ്യ ഗ്ലാസ് ഡോര്‍ തുറക്കും. ഇപ്പോള്‍ ഇ ഗേറ്റിന്റെ അകത്ത് പ്രവേശിക്കാം. യാത്രാ രേഖകള്‍ കൂടി ഒത്തു നോക്കിയും കണ്ണും വിരലടയാളവും പരിശോധിക്കും. ഇതോടെ അടുത്ത ഡോറും തുറക്കും. തുടര്‍ന്ന് ബേഗേജ് എടുക്കാനോ അല്ലെങ്കില്‍ വിമാനത്തിലേക്കോ പോകാം.
രാജ്യത്തു വിസയില്‍ തങ്ങുന്ന 18 വയസ്സിനു മുകളിലുള്ള എല്ലാ മുതിര്‍ന്ന പ്രവാസികള്‍ക്കും ഉപയോഗിക്കാവുന്ന വിധമാണ് ഇ ഗേറ്റ് തയാറാക്കിയിരിക്കുന്നത്. ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച കാര്‍ഡുള്ളവര്‍ക്കു മാത്രമേ ഇ ഗേറ്റ് ഉപയോഗിക്കാനാകൂ എന്ന രീതിയില്‍ ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതു നിഷേധിച്ചു കൊണ്ടാണ് സാധാരണ ഐ ഡി കാര്‍ഡും ഉപയോഗിക്കാമെന്ന് അധികൃതര്‍ വിശദീകരിക്കുന്നത്.

Latest