ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണമെന്ന് ബിജെപി

Posted on: January 9, 2017 11:26 am | Last updated: January 9, 2017 at 7:40 pm
SHARE

കോഴിക്കോട്: ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യംവിട്ടു പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമല്‍. മോദിയെ നരഭോജിയെന്ന് വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം. രാജ്യത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടുള്ള കമലിന്റെ നിലപാട് രാജ്യത്തിന് യോജിച്ചതല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ചെഗുവേരയുടെ ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസക്കും ഒപ്പം വെക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേര. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെ. മുസോളനിയുടേയും ഹിറ്റ്‌ലറുടേയും സ്റ്റാലിന്റേയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെയുടെ സ്ഥാനം.

ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണ് ആളുകളെ വെട്ടിക്കൊല്ലാന്‍ നടക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതാക്കളുണ്ടല്ലോ, ഇഎംഎസിന്റെയും എകെജിയുടേയും ചിത്രം വെക്കട്ടെ. ഗോഡ്‌സെയുടെ ചിത്രം വെക്കുന്നതിനേയും ബിജെപി അംഗീകരിക്കുന്നില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here