Connect with us

Malappuram

സ്‌കൂളില്‍ പോലീസ് പ്രകോപനപരമായി പെരുമാറിയെന്ന്

Published

|

Last Updated

അരീക്കോട്: പ്രകോപനത്തോടെ പോലീസ് സ്‌കൂളിലെത്തിയത് വിവാദമാകുന്നു. അരീക്കോട് ഉപ ജില്ലയിലെ ചെമ്രക്കാട്ടൂര്‍ ജി എല്‍ പി സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂള്‍ അധികൃര്‍ കൊണ്ടുവന്ന വിദ്യാര്‍ഥികളുടെ പിന്നിലേക്കുള്ള കൈകെട്ട് വിവാദമായതിനെ തുടര്‍ന്നാണ് പോലീസ് സ്‌കൂളിലെത്തിയത്. സ്‌കൂളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പുറത്തിറങ്ങുമ്പോള്‍ വിദ്യാര്‍ഥികളുടെ കൈകള്‍ പിന്നിലേക്ക് കെട്ടാന്‍ നിര്‍ദേശിച്ചിരുന്നു. നിര്‍മാണ പ്രവൃത്തി നടത്തുന്നിടത്തേക്ക് വിദ്യാര്‍ഥികള്‍ പോയതിനാല്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇത് ഒഴിവാക്കാന്‍ വേണ്ടിയുള്ള നിര്‍ദേശമാണ് വിവാദമായത്. പരീക്ഷ കഴിഞ്ഞ് ഈ നടപടി വേണ്ടെന്നും അധികൃതര്‍ തീരുമാനിച്ചിരുന്നു. ചില രക്ഷിതാക്കള്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് ആവശ്യപ്പെട്ട് പോലീസുമായി എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സി പി എം പ്രവര്‍ത്തകര്‍ക്കൊപ്പം സ്‌കൂ ളിലെത്തിയ പോലീസ് പ്രകോപനത്തോടെയാണ് സ്‌കൂളില്‍ പ്രവേശിച്ചതെന്ന് പി ടി എ പ്രസിഡന്റ് പറഞ്ഞു. രക്ഷിതാക്കളല്ലാത്തവരെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന പി ടി എ പ്രസിഡന്റിന്റെ ആവശ്യത്തെ പോലീസ് മുഖവിലക്കെടുക്കാതെ അസഭ്യം പറയുകയും അപകീര്‍ത്തിപ്പെടുത്തുകയുമായിരുന്നുവത്രെ. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പി ടി എ കമ്മിറ്റി ജില്ലാകലക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡി വൈ എസ് പി എന്നിവര്‍ക്ക് പരാതി നല്‍കി. സ്‌കൂള്‍ അധികൃതരുടെ നടപടി ഗുരുതര വീഴ്ചയല്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും എ ഇ ഒയും പറഞ്ഞു. പ്രശ്‌നത്തില്‍ ചില രക്ഷിതാക്കള്‍ സമരവുമായി മുമ്പോട്ടുപോകുമെന്നതിനാല്‍ പരിഹാരത്തിന് ശ്രമിക്കുകയായിരുന്നുവെന്നും ഏകപക്ഷീയമായി പെരുമാറിയിട്ടില്ലെന്നും പി ടി എ പ്രസിഡന്റിനെ തള്ളിമാറ്റിയെന്ന വാദവും പോലീസ് നിരാകരിച്ചു.