ഭവന നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; കര്‍ഷകര്‍ക്ക് ആശ്വാസം, പക്ഷേ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല

Posted on: December 31, 2016 7:39 pm | Last updated: January 1, 2017 at 10:34 am

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച് 51 ദിവസം പിന്നിടുമ്പോള്‍ ഭവന നിര്‍മാണ പദ്ധതികളും കര്‍ഷക പ്രിയ പദ്ധതികളും പ്രഖ്യാപിച്ച് മുഖം മിനുക്കാന്‍ പ്രധാനമന്ത്രിയുടെ ശ്രമം. പുതുവത്സര തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ചില പദ്ധതികള്‍ പ്രഖ്യാപിച്ച് നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ മോശം പ്രതിച്ഛായ മായ്ക്കാന്‍ ശ്രമിച്ചത്. അതേസമയം അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി പറഞ്ഞില്ല.

നോട്ട് പിന്‍വലിക്കല്‍ ചരിത്രത്തിലെ മഹത്തായ ശുചീകരണ ദൗത്യമാണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഈ ദൗത്യത്തോട് ജങ്ങളുടെ പ്രതികരണം മതിപ്പുളവാക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണക്കാരെ വെറുതെവിടില്ല. എന്നാല്‍ സത്യസന്ധരായ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്. അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കും. രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയാണ് താന്‍ ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍:

ഭവന വായ്പകള്‍ക്ക് പലിശ ഇളവ്

  • ഒന്‍പത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് നാല് ശതമാനം പലിശ ഇളവ്.12 ലക്ഷത്തിന് മൂന്ന് ശതമാനം ഇളവ് നല്‍കും.
  • ഗ്രാമങ്ങളിലെ പഴയ വീടുകള്‍ മെച്ചപ്പെടുത്താന്‍ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കും. ഗ്രാമങ്ങളില്‍ 33 ശതമാനം വീടുകള്‍ നിര്‍മിക്കും.

കര്‍ഷകര്‍ക്ക് ഇളവുകള്‍

  • മൂന്ന് ലക്ഷം കിസാന്‍ കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കി മാറ്റും.
  • കാര്‍ഷിക വായ്പകള്‍ക്ക് 20,000 കോടി രൂപ അനുവദിച്ചു.
  • കാര്‍ഷിക വായ്പകള്‍ക്ക് ആദ്യ രണ്ട് മാസം പലിശ ഇല്ല

ചെറുകിട സംരംഭകര്‍ക്കും ഇളവുകള്‍

  • ചെറുകിട സംരംഭങ്ങളുടെ വായ്പകള്‍ക്ക് രണ്ട് കോടി രൂപ വരെ സര്‍ക്കാറിന്റെ ക്രഡിറ്റ് ഗാരണ്ടി നല്‍കും.

ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സഹായം

  • ഗര്‍ഭിണികളുടെ ചികിത്സാ ചെലവിനും ഭക്ഷണത്തിനുമായി ആറായിരം രൂപ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും.
  • മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് എട്ട് ശതമാനം സ്ഥിരം പലിശ നല്‍കും.