Connect with us

International

ന്യൂയോര്‍ക്ക് പോലീസില്‍ ഇനി താടി വളര്‍ത്താം

Published

|

Last Updated

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് പോലീസിലെ മുസ്‌ലിം, സിഖ് ഉദ്യോഗസ്ഥര്‍ക്ക് താടി വെക്കാന്‍ അനുമതി. 1.27 സെന്റീമീറ്റര്‍ നീളത്തില്‍ താടി നീട്ടാനാണ് അനുമതി. ഇതിനായി നയത്തില്‍ ഇളവുകള്‍ വരുത്തി ന്യൂയോര്‍ക്ക് പോലീസ് വകുപ്പ് ഉത്തരവിറക്കി.
പുതിയ പോലീസ് ഉദ്യോഗസ്ഥരുടെ പാസ്സിംഗ് ഔട്ട് പരേഡിന് ശേഷം കമ്മീഷണര്‍ ജെയിംസ് ഒ നീല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ വേണ്ടിയാണ് നയത്തില്‍ ഇളവ് വരുത്തിയതെന്ന് അദ്ദേഹം പറയുന്നു. പരമ്പരാഗത പോലീസ് തൊപ്പിക്ക് പകരം സിഖുകാര്‍ക്ക് അവരുടെ മതപരമായ തലപ്പാവ് അണിയാനും പുതിയ നയം അനുവദിക്കുന്നുണ്ട്.

ഞങ്ങള്‍ അവസരസമത്വത്തില്‍ വിശ്വസിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും മഹത്തായ ന്യൂയോര്‍ക്ക് പോലീസ് സേനയുടെ ഭാഗമാകണം. അപ്പോള്‍ മാത്രമേ ലക്ഷ്യം പൂര്‍ത്തിയാകൂ- ഒ നീല്‍ പറഞ്ഞു. ഇന്നലെ പുറത്തിറങ്ങിയ 557 പേരില്‍ 33 പേര്‍ മുസ്‌ലിംകളും രണ്ട് പേര്‍ സിഖുകാരുമാണ്. മതപരമായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സിഖ് സഖ്യം പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഈ തീരുമാനമെന്നാണ് സിഖ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചത്.
ന്യൂയോര്‍ക്ക് പോലീസ് പട്രോള്‍ ഗൈഡ് പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് താടി വെക്കുന്നതിന് വിലക്കുണ്ടായിരുന്നു. ഒരു മില്ലിമീറ്റര്‍ മാത്രം താടി വളര്‍ത്താന്‍ അലിഖിത നിയമം നിലനിന്നിരുന്നു.

Latest