അന ഇവാനോവിച് വിരമിച്ചു

Posted on: December 30, 2016 7:33 am | Last updated: December 29, 2016 at 11:34 pm

ബെല്‍ഗ്രേഡ്: ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റ് ജേതാവാകുന്ന ആദ്യ സെര്‍ബിയന്‍ വനിത എന്ന ഖ്യാതി സ്വന്തമാക്കിയ അന ഇവാനോവിച് ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇരുപത്തൊമ്പതാം വയസിലെ പിന്‍മാറ്റം ഉന്നത തലത്തില്‍ കളിക്കുവാനുള്ള ആരോഗ്യം തന്നില്‍ അവശേഷിക്കുന്നില്ലെന്ന ഉത്തമ ബോധ്യത്തിലാണെന്ന് താരം പറഞ്ഞു. 2008 ലായിരുന്നു ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിക്കൊണ്ട് ഇവാനോവിച് ടെന്നീസ് ലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്. ഫൈനലില്‍ റഷ്യയുടെ ദിനാര സഫിനയെ തോല്‍പ്പിച്ചായിരുന്നു ഇവാനോവിചിന്റെ ചരിത്രം സൃഷ്ടിക്കല്‍.

അഞ്ചാം വയസില്‍ ടെന്നീസ് സ്വപ്‌നം കണ്ട് തുടങ്ങിയ ഇവാനോവിചിന് കരുത്തായത് മാതാപിതാക്കളാണ്.
ലോക ഒന്നാം നമ്പര്‍ പദവിയിലെത്തും വരെ വിശ്രമമില്ലാതെ അധ്വാനിച്ചു. സ്വപ്‌നം കണ്ട ഉയരം താണ്ടിയെന്ന് തോന്നിയത് 2008 ലെ ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍സ്ലാം കിരീട ജയത്തോടെയാണ്. അതിന് ശേഷം അത്ഭുതപ്പെടുത്തും വിധം പിറകോട്ട് പോയി ഇവാനോവിച്. വലിയ സ്വപ്‌നങ്ങള്‍ ഇല്ലെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു പിന്‍മാറ്റം പോലെ അനുഭവപ്പെട്ടു അത്.

ഒന്നാം റാങ്കില്‍ ഏതാനും ആഴ്ചകള്‍ വിരാജിച്ച ശേഷം ഇരുപത്തിരണ്ടാം സ്ഥാനത്തേക്ക് ഒരൊറ്റ വീഴ്ച. പിന്നീട് ടോപ് ഫൈവ് റാങ്കിംഗില്‍ തിരിച്ചെത്തുന്നത് 2014 ല്‍.
2015 ല്‍ ഫ്രഞ്ച് ഓപണ്‍ സെമിഫൈനലില്‍ പ്രവേശിച്ചു. ഈ വര്‍ഷം യു എസ് ഓപണില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. അതോടെ തീരുമാനിച്ചു. ഇനി മതിയാക്കാം എന്ന്. ജര്‍മന്‍ ഫുട്‌ബോളര്‍ ബാസ്റ്റിയന്‍ ഷൈ്വന്‍സ്റ്റിഗറുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പായിരുന്നു.