ചൈനീസ് ക്ലബ്ബുമായി ടെവസ് ഒപ്പു വെച്ചു

Posted on: December 29, 2016 11:38 pm | Last updated: December 29, 2016 at 11:38 pm

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ക്ലബ്ബുകളിലൂടെ ഇംഗ്ലീഷ് ഫുട്‌ബോളില്‍ തരംഗമായി മാറിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ഇനി ചൈനീസ് ഫുട്‌ബോളില്‍. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് കാര്‍ലോസ് ടെവസ് ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ഷാംഗ്ഹായ് ഷെന്‍ഹുവയുമായി കരാറൊപ്പിട്ടു. ഷാംഗ്ഹായ് ആഴ്ചയില്‍ മൂന്ന് ലക്ഷം പൗണ്ട് വേതനമായി ടെവസിന് നല്‍കും. എന്നാല്‍, കരാര്‍ സംബന്ധമായ വ്യവസ്ഥകള്‍ ഇനിയും ചൈനീസ് ക്ലബ്ബ് പുറത്തുവിട്ടില്ല.

അര്‍ജന്റൈന്‍ ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സില്‍ നിന്നാണ് ടെവസ് ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഏഴ് വര്‍ഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരമായിരുന്നു ടെവസ്. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക2015ലാണ് ടെവസ് ബൊക്കയില്‍ തിരിച്ചെത്തിയത്. അവിടെ ഫോം തുടരുന്നതിനിടെയാണ് ടെവസിനെ തേടി ചൈനയില്‍ നിന്ന് വന്‍ ഓഫര്‍ വരുന്നത്. 2008 ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ടെവസ് 2013 ല്‍ ഇറ്റലിയില്‍ യുവെന്റസിലെത്തിയ ശേഷം രണ്ട് തവണ ലീഗ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി.