കാണികളെ വിസ്മയിപ്പിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ സ്റ്റണ്ട് ഷോ

Posted on: December 29, 2016 7:30 pm | Last updated: January 2, 2017 at 9:21 pm

ദുബൈ: വിസ്മയവും ആകസ്മികതയും നിറച്ച് ഗ്ലോബല്‍ വില്ലേജില്‍ സ്റ്റണ്ട് ഷോ. വേഗതയുടെ ചടുലതയും വാഹനാഭ്യാസങ്ങളും മനോഹരമായ ദൃശ്യ വിസ്മയങ്ങള്‍ ഒരുക്കുമ്പോള്‍ കാഴ്ചക്കാര്‍ക്കത് മനോഹരമായി തയ്യാര്‍ ചെയ്ത വീഡിയോ ദൃശ്യങ്ങളുടെ അനുഭൂതി പകരും. കാറുകളുടെ മത്സരയോട്ടം, ബൈക്കുകളുടെ വിസ്മയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ എന്നിവ ചിലത് മാത്രം.

30 അന്താരാഷ്ട്ര കലാകാരന്മാര്‍ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ഗ്ലോബല്‍ വില്ലേജിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിലവാരമുള്ള ദൃശ്യ വിസ്മയങ്ങള്‍ ഒരുക്കുന്നതിന് വില്ലേജിന്റെ പ്രത്യേക എന്റര്‍ടൈന്‍മെന്റ് പ്രൊഡക്ഷന്‍ ടീമാണ് അഭ്യാസ പ്രകടനങ്ങള്‍ രൂപകല്‍പന ചെയ്തത്. ആയിരത്തോളം പേര്‍ക്ക് ഒരുമിച്ചിരുന്ന് പ്രദര്‍ശനം വീക്ഷിക്കാന്‍ പാകത്തില്‍ ഗ്ലോബല്‍ വില്ലേജ് നഗരിയില്‍ പ്രത്യേക സ്ഥലസൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. മികച്ച ദൃശ്യ വെളിച്ച ശബ്ദ വിന്യാസത്തിന്റെ അകമ്പടിയോടെ അരീന മാതൃകയില്‍ തയ്യാര്‍ ചെയ്ത വേദിയിലെ പ്രകടനങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ വീക്ഷിക്കുന്നതിന് വലിയ സ്‌ക്രീനുകളും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.

കൃത്രിമമായി രൂപംകൊടുത്ത ഒരു ടൗണ്‍ഷിപ്പ് സെന്ററിലെ പുരാതന മ്യുസിയത്തില്‍ നിന്ന് അമൂല്യമായ ‘ബ്ലാക് പേള്‍’ ഒരു സംഘം കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോകുന്നതും അവരെ പിന്തുടര്‍ന്നെത്തുന്ന പോലീസ് സംഘങ്ങളുടെ അതിസാഹസികവും കോരിത്തരിപ്പിക്കുന്നതുമായ സംഘട്ടന രംഗങ്ങള്‍ പിന്നിട്ട് കൊള്ളക്കാരെ പിടികൂടുന്നതുമാണ് കാണികള്‍ക്ക് ശ്വാസം അടക്കിപ്പിടിച്ചിരുന്നു കാണത്തക്ക വിധത്തില്‍ സംവിധാനിച്ചിട്ടുള്ളത്. ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍, സ്‌പോര്‍ട്‌സ് ബൈക്കുകള്‍, കാറുകള്‍ എന്നിവ ഉപയോഗിച്ച് തീ ഗോളങ്ങളിലൂടെയുള്ള പ്രകടനങ്ങള്‍, കൊള്ളക്കാരെ പിന്തുടര്‍ന്നുണ്ടാകുന്ന സംഘട്ടന രംഗങ്ങള്‍ എന്നിവ കാണികള്‍ക്ക് കൂടുതല്‍ ദൃശ്യമികവില്‍ ആസ്വദിക്കാന്‍ ഗ്ലോബല്‍ വില്ലേജിന്റെ പ്രത്യേക സംഘം അതിനൂതന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ദിവസം മൂന്ന് പ്രദര്‍ശനം നടക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ 2017 ഏപ്രില്‍ എട്ട് വരെ നീണ്ടുനില്‍ക്കും. ഇത്തരത്തില്‍ അവിസ്മരണീയത പകരുന്ന പ്രകടനങ്ങള്‍ മധ്യ പൗരസ്ത്യ മേഖലയില്‍ ആദ്യമായാണ് അരങ്ങേറുന്നത്. ഇതിനായി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ കലാകാരന്മാരാണ് എത്തിയിട്ടുള്ളത്. ഡിസ്‌നി ലാന്‍ഡിലെ കലാകാരന്മാരും ഇതിലുള്‍പെടും.

ആഴ്ച ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ അര്‍ധരാത്രി വരെയും വ്യാഴം വെള്ളി ദിവസങ്ങളിലും അവധി ദിവസങ്ങളിലും വൈകീട്ട് നാല് മുതല്‍ വെളുപ്പിന് ഒരുമണി വരെയുമാണ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക. തിങ്കളാഴ്ച കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ പ്രവേശനമുള്ളു. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്.