Connect with us

Gulf

തനിക്കെതിരായ നീക്കത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ശക്തര്‍: കെ മുരളീധരന്‍

Published

|

Last Updated

ദോഹ: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്കെതിരെ വിമര്‍ശവുമായി രംഗത്തു വന്നതിനു പിന്നില്‍ ശക്തരായ ആളുകളുണ്ടെന്ന് കെ മുരളീധരന്‍. മുന്‍ കെ പി സി സി പ്രസിഡന്റ് ഇപ്പോഴത്തെ പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നതിനാല്‍ ഒന്നും പറയുന്നില്ല. ദോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി സി സി പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഉണ്ണിത്താന്റെ വിമര്‍ശനങ്ങളെങ്കില്‍ അതില്‍ തനിക്ക് യാതൊരു പരാതിയുമില്ല. വക്താക്കളെക്കൊണ്ട് എന്തെങ്കിലും പറയിപ്പിക്കുന്ന ആളാണ് സുധീരന്‍ എന്നു കരുതുന്നില്ല. എന്നാല്‍ തോറ്റോടിയ ശത്രുവന്ന് ധൈര്യസമേതം വെല്ലുവിളിക്കുമ്പോള്‍ പുരാണത്തിലെ ബാലി സുഗ്രീവന്‍ സംഭവം പോലെ ശക്തര്‍ ആരെങ്കിലും പിന്നിലുണ്ടാകും.
കൊല്ലത്ത് ഉണ്ണിത്താനെ ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ നീതി പുലര്‍ത്തിയിട്ടില്ല. മുന്‍ കെ പി സി സി പ്രിസഡന്റിനെതിരെ പരസ്യവിമര്‍ശമുന്നയിച്ചയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലല്ലോ. മ്ലേച്ഛമായ പ്രതികരണം നടത്തിയതില്‍ മനോവിഷമമുണ്ടായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണമാകും കൊല്ലത്തുണ്ടായത്. എന്നാല്‍ അത്തരം സംഭവങ്ങളോട് യോജിപ്പില്ല. താന്‍ ആരെയും ആളെ വിട്ട് തല്ലിക്കാറുമില്ല.
ഡി സി സി പ്രസിഡന്റുമാരുടെ മാറ്റത്തെ തലമുറ മാറ്റമെന്നു വിശേഷിപ്പിക്കേണ്ടതില്ല. പാര്‍ട്ടിയില്‍ റിട്ടയര്‍മെന്റൊന്നും ഇല്ല. പെന്‍ഷന്‍ പറ്റാന്‍ ഇത് സര്‍ക്കാര്‍ ജോലിയൊന്നുമല്ലല്ലോ. ചെറുപ്പക്കാരേക്കാള്‍ ഊര്‍ജസ്വലതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.
പാര്‍ട്ടി ദുര്‍ബലമാകുന്നതിനെതിരായ സേദ്ദേശ്യപരമായ സ്വയം വിമര്‍ശമാണ് കോഴിക്കോട്ട് നടത്തിയത്. അതിനെ നല്ലൊരു ശതമാനം പേരും സ്വാഗതം ചെയ്തു. പാര്‍ട്ടിയില്‍ പരാതി പറയാന്‍ കെ പി സി സി എക്‌സിക്യുട്ടീവ് വിളിച്ചിട്ട് ഏഴു മാസവും ഹൈപവര്‍ കമ്മിറ്റി വിളിച്ചിട്ട് രണ്ടു മാസവുമായി. സംസ്ഥാനത്ത് പാര്‍ട്ടിയെ ചലിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ളവരാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.