വിരാല്‍ ആചാര്യ പുതിയ റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

Posted on: December 29, 2016 12:29 am | Last updated: December 28, 2016 at 11:30 pm

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ വിരാല്‍ ആചാര്യയെ റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ഇന്നലെയാണ് നാല് റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി ന്യൂയോര്‍ക്ക് സര്‍വകലാശാല അധ്യാപകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ വിരാല്‍ ആചാര്യയെ നിയമിച്ചത്. ഊര്‍ജിത് പട്ടേലിനെ ഗവര്‍ണറായി നിയമിച്ചപ്പോള്‍ വന്ന ഒഴിവിലേക്കാണ് വിരാലിന്റെ നിയമനം. വിശ്വനാനന്ദന്‍, എസ് എസ് മുന്ദ്ര, ആര്‍ ഗാന്ധി എന്നിവരാണ് ഡെപ്യൂട്ടി ഗവര്‍ണറായിരിക്കുന്ന മറ്റ് മൂന്ന് പേര്‍.

ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ ബിസിനസ്സ് സ്‌കൂളില്‍ 2008 മുതല്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് ആചാര്യയെ റിസര്‍വ് ബേങ്ക് ഗവര്‍ണറായി നിയമിക്കുന്നത്. ബേങ്കുകളുടെ നിയന്ത്രണം, സാമ്പത്തിക സ്ഥാപനങ്ങള്‍, സഹകരണ ധനവിനിമയ ശാസ്ത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ താത്പര്യ മേഖല. റെസിംഗ് സ്റ്റാര്‍ ഫിനാന്‍ഷ്യല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി സാമ്പത്തിക ശാസ്ത്ര അവാര്‍ഡുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.