യോഗ പരിശീലനം അടിച്ചേല്‍പ്പിക്കരുത്

Posted on: December 29, 2016 6:00 am | Last updated: December 28, 2016 at 10:58 pm

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണത്രെ യോഗ പരിശീലനം. എല്ലാ പോലീസ് ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. പങ്കെടുക്കാത്തവരുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ എസ് ഐമാര്‍ എസ് പിമാരെ അറിയിക്കണം. അവരുടെ മേല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ഡി ജി പിയുടെ ഉത്തരവ് ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ മിക്ക ജില്ലകളിലേയും പോലീസ് സ്‌റ്റേഷനുകളില്‍ യോഗ ക്ലാസ് ആരംഭിച്ചിട്ടുമുണ്ട.് ‘ആള്‍ദൈവ’ങ്ങളായ ബാബ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുള്ള ട്രെയിനര്‍മാരാണ് ക്ലാസിന് നേത്യത്വം നല്‍കുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു സാമൂഹിക പ്രവര്‍ത്തകരെയും ദേശീയഗാനത്തെ അപമാനിച്ചെന്ന് മുദ്രകുത്തി യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയും യു എ പി എ ചുമത്തുകയും ചെയ്ത പോലീസ് നടപടി വന്‍ വിവാദം സൃഷ്ടിച്ചിരിക്കെ, പുതിയൊരു വിവാദത്തിന് ഇടവരുത്തുന്നതാണ് ഡി ജി പിയുടെ യോഗ ഉത്തരവ്.

ഒരു വ്യായാമ മുറ എന്ന രീതിയിലാണ് പലരും യോഗയെ പരിചയപ്പെടുത്തുന്നെതങ്കിലും ഹൈന്ദവ ആഭിമുഖ്യമുള്ള ആചാരമാണിത്. സന്യാസമാര്‍ഗം സ്വീകരിച്ചവരുടെ ശാരീരികവും മാനസികവുമായ സംസ്‌കരണം ഉദ്ദേശിച്ചാണ് ഇത് രൂപപ്പെടുത്തിയത്. ഹൈന്ദവ വേദസംഹിതകളുടെ വെളിച്ചത്തിലുള്ള ഈശ്വര സാക്ഷാത്കാരത്തിനായി തപജ്ഞലിമുനി നിര്‍ദേശിക്കുന്ന സാധനകളാണ് യോഗസൂക്ത. ഹിന്ദുക്കളുടെ മതപരമായ ആരാധനകളിലെല്ലാം യോഗയുടെ സ്വാധീനം കാണാം. ഹിന്ദുമതത്തിന്റെ പിന്തുണയോടെ നിലനില്‍ക്കുന്ന ആള്‍ദൈവങ്ങളെല്ലാം യോഗയുടെ പ്രചാരകരാണെന്നതും മോദി ഭരണകൂടം ഇതിന്റെ പ്രചാരണത്തിനു വേണ്ടി ശതകോടികള്‍ ചെലവഴിക്കുന്നതും ഹിന്ദുത്വവും യോഗയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.

നേരത്തെ ഹൈന്ദവ ആശ്രമങ്ങളില്‍ മാത്രമാണ് യോഗ നടന്നുവന്നിരുന്നത്. പൊതുസമൂഹത്തില്‍ നിന്നു വേറിട്ടു കിടന്നിരുന്ന സന്യാസി ആശ്രമങ്ങളില്‍ നിന്നും പൊതുജനങ്ങളിലേക്ക് ഇത് കടന്നു വരുന്നത് അടുത്ത കാലത്താണ്. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കുന്നതിനുള്ള സംഘ്പരിവാര്‍ പദ്ധതികളുടെ ഭാഗമാണ് ഇപ്പോള്‍ യോഗ ദിനം വളരെ പ്രാധാന്യത്തോടെയും പ്രചണ്ഡമായ പ്രചാരണങ്ങളോടെയും ആചരിക്കുന്നതും വിദ്യാലയങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, ജയിലുകള്‍ തുടങ്ങി സ്ഥാപനങ്ങളില്‍ ഇത് അടിച്ചേല്‍പ്പിക്കുന്നതും പാഠ്യപദ്ധതികളുടെ ഭാഗമാക്കണമെന്ന് വാശി പിടിക്കുന്നതും. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ യോഗക്ലാസില്‍ സുദര്‍ശന ക്രിയകളെക്കുറിച്ചും ശിവലിംഗ ആരാധനയെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും പഠിപ്പിച്ചു വരുന്നുണ്ടത്രെ. മഹാവിഷ്ണുവിന്റെ ആയുധമാണ് സുദര്‍ശനചക്രം. ശത്രുക്കള്‍ക്കെതിരെ ഈ ചക്രം ഉപയോഗിച്ചു അവരെ ഉന്മൂലനം ചെയ്‌തെന്നാണ് കഥ. യോഗയിലെ പഠനം ഹൈന്ദവ തത്വങ്ങളിലാണ് ചെന്നെത്തുന്നത് എന്നറിയുമ്പോള്‍ അതിന്റെ ലക്ഷ്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

യോഗ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുമെന്നും ആയുര്‍ദൈര്‍ഘ്യം നല്‍കുമെന്നുമാണ് ഇതിന്റെ വക്താക്കളുടെ അവകാശവാദം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ യോഗ ആചരിക്കുന്നവരുടെ ആയുര്‍ ദൈര്‍ഘ്യം പഠന വിധേയമാക്കിയപ്പോള്‍ ശരാശരി അമേരിക്കന്‍ പൗരനെ അപേക്ഷിച്ച് അവരുടെ ആയുസ്സിന് വര്‍ധനവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. യോഗ പരിശീലിക്കുന്നവരുടെ ഇടയിലും അല്ലാത്തവരിലും ആയുര്‍ദൈര്‍ഘ്യ നിരക്കില്‍ വ്യത്യാസമില്ല. യോഗ പരിശീലിക്കുന്നവരുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് എക്‌സര്‍സൈസ് നടത്തിയ പഠനത്തില്‍ ഹൃദയത്തിന് യോഗകൊണ്ട് പ്രസക്തമായ ഗുണങ്ങളൊന്നുമില്ലെന്നാണ് ബോധ്യമായത്. യോഗയിലെ പല മുറകളും അശാസ്ത്രീയവുമാണെന്നും ചില പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശാസ്ത്രീയമായി ഗുണകരമെന്ന് തെളിയിക്കപ്പെടാത്തതും ഒരു പ്രത്യേക മതവിഭാഗത്തിന്റേതുമായ ആചാരമെന്തിനാണ് രാജ്യമൊട്ടാകെ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാറും ചില ഉദ്യോഗസ്ഥ മേധാവികളും ഒരുമ്പെടുന്നത്? യോഗ നല്ല വ്യായാമമുറയാണെന്ന് വിശ്വസിക്കുന്നവര്‍ അത് ആചരിക്കട്ടെ. അതില്‍ വിശ്വാസമില്ലാത്തവരും അത് ആചരിക്കണമെന്ന് പറയുന്നത് പൗരസ്വാതന്ത്ര്യത്തിന്മേലുളള കടന്നു കയറ്റമാണ്. മതവിശ്വാസത്തിന് എതിരായതിനാല്‍ യോഗയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡി ജി പിക്ക് കത്ത് നല്‍കിയതായി അറിയുന്നു. അത്തരക്കാരെ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം. ബഹുസ്വര സമൂഹത്തില്‍ ഒരു മതത്തിന്റെ ആചാരം മറ്റുള്ളവരെ അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യായാമത്തിന്റെ മേലങ്കിയണിച്ചാണെങ്കിലും നീതീകരിക്കാവതല്ല. ബെഹ്‌റയുടെ ഉത്തരവിനെതിരെ മതേതര സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരട്ടെ.