Connect with us

National

ശശികലാ പുഷ്പയുടെ നാമനിര്‍ദേശം നല്‍കാന്‍ ശ്രമം; സംഘര്‍ഷം

Published

|

Last Updated

ചെന്നൈ: എ ഐ എ ഡി എം കെയുടെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഇന്ന് ചെന്നൈയില്‍ നടക്കാനിരിക്കെ പാര്‍ട്ടി ആസ്ഥാനത്ത് സംഘര്‍ഷം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാജ്യസഭാ എം പി ശശികലാ പുഷ്പയുടെ അഭിഭാഷകനും ഭര്‍ത്താവും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശികല പുഷ്പയുടെ നാമനിര്‍ദേശ പത്രികയുമായാണ് ലിംഗേശ്വരയും സംഘവും പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. ഈസമയം, പുറത്തുണ്ടായിരുന്ന എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പാഞ്ഞെത്തുകയും ലിംഗേശ്വരയെയും കൂട്ടരെയും പൊതിരെ തല്ലുകയുമായിരുന്നു. പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇന്ന് നടക്കുന്ന ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ശശികലാ പുഷ്പ വരുന്നുണ്ടെന്നറിഞ്ഞതോടെ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്ത് തടിച്ചു കൂടിയിരുന്നു.

ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികലാ നടരാജന്‍ പാര്‍ട്ടിയുടെ തലപ്പത്ത് വരുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ഇതിനെതിരെ നിരന്തരം പ്രസ്താവനയിറക്കിയും മറ്റും ശശികലാ പുഷ്പ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. അതേ സമയം, പാര്‍ട്ടി ആസ്ഥാനത്തുണ്ടായ സംഭവ വികാസങ്ങളെ എ ഐ എ ഡി എം കെ വക്താവ് സി ആര്‍ സരസ്വതി അപലപിച്ചു. ഇന്ന് നടക്കുന്ന ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശശികലാ പുഷ്പ ശ്രമിക്കുന്നത്. ജയലളിത ജീവിച്ചിരുന്ന സമയത്ത് നല്‍കിയ രാജ്യസഭാ എം പി സ്ഥാനം രാജിവെക്കുകയാണ് ആദ്യമവര്‍ ചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്ത് നിലയുറപ്പിച്ച ശശികലയുടെ അഭിഭാഷകനോട് പ്രവര്‍ത്തകര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് വഴങ്ങാതെ മന:പ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് അഭിഭാഷകന്‍ ശ്രമിച്ചത്. ശശികലാ പുഷ്പ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ജനറല്‍ കൗണ്‍സിലില്‍ പ്രത്യേകമാളുകളെ ക്ഷണിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇന്ന് രാവിലെ 9.30നാണ് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ നടക്കുക.

Latest