Connect with us

Gulf

പുതുവര്‍ഷ അവധി; മെട്രോ കൂടുതല്‍ സമയം, ഞായറാഴ്ച സൗജന്യ പാര്‍കിംഗ്‌

Published

|

Last Updated

ദുബൈ: പുതുവര്‍ഷ ദിന അവധി ദിനങ്ങളില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു. ഡിസംബര്‍ 31, ജനുവരി ഒന്ന് ദിനങ്ങളില്‍ ഉപഭോക്തൃ സന്തുഷ്ടി കേന്ദ്രം, വിവിധ പാര്‍കിംഗ് സോണുകള്‍, ദുബൈ ബസ്, മെട്രോ, ട്രാം തുടങ്ങി ആര്‍ ടി എ യുടെ വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയ വിവരങ്ങളാണ് പ്രഖ്യാപിച്ചത്. പുതുവര്‍ഷ തലേന്നും പുതുവര്‍ഷ ദിനത്തിലും ഉപഭോക്തൃ സംതൃപ്തി കേന്ദ്രങ്ങള്‍ അവധിയായിരിക്കും.

പുതുവത്സരദിനത്തില്‍ ദേര മത്സ്യ മാര്‍ക്കറ്റ്, വിവിധ ബഹുനില പാര്‍കിംഗ് കേന്ദ്രങ്ങള്‍ എന്നിവ ഒഴികെ മറ്റെല്ലാ പാര്‍കിംഗ് കേന്ദ്രങ്ങളിലും വാഹന പാര്‍കിംഗ് സൗജന്യമായിരിക്കും.
ജനുവരി രണ്ടിന് രാവിലെ എട്ടു മുതല്‍ പാര്‍കിംഗിന് ചാര്‍ജ് ഈടാക്കുമെന്ന് ആര്‍ ടി എ മാര്‍കറ്റിംഗ് ആന്‍ഡ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൗസ അല്‍ മര്‍റി അറിയിച്ചു.
ഡിസംബര്‍ 31 ശനിയാഴ്ച്ച മെട്രോയുടെ ചുവപ്പ് പാതയില്‍ രാവിലെ 5.30 മുതല്‍ അര്‍ധരാത്രി 12 വരെ എല്ലാ സ്റ്റേഷനുകളും പ്രവര്‍ത്തിക്കും. എന്നാല്‍ രാത്രി പത്തു മുതല്‍ ബുര്‍ജ് ഖലീഫ സ്റ്റേഷന്‍ അടച്ചിടും. പകരം ബുര്‍ജ് ഖലീഫയുടെ ചുറ്റുമുള്ള കരിമരുന്ന് പ്രയോഗങ്ങളും ആഘോഷ പരിപാടികളും വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ബിസിനസ് ബേ മെട്രോ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യമൊരുക്കും. ജനുവരി ഒന്നിന്ന് വെളുപ്പിന് 12.01ന് തുറക്കുന്ന സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ച ശേഷം അര്‍ധ രാത്രി 12ന് നിര്‍ത്തിവെക്കും.
പച്ചപ്പാതയില്‍ ഡിസംബര്‍ 31ന് ശനിയാഴ്ച രാവിലെ 5.50ന് ആരംഭിക്കുന്ന സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അര്‍ധരാത്രി 12 വരെ നീണ്ടുനില്‍ക്കും. ജനുവരി ഒന്നിന് പുലര്‍ച്ചെ 12.01 ന് പ്രവര്‍ത്തനം ആരംഭിച്ച് അര്‍ധരാത്രി 12 വരെയും നീണ്ടു നില്‍ക്കും. പച്ചപ്പാതയിലെ എക്‌സ്പ്രസ് മെട്രോ ജനുവരി ഒന്നിന് അവധിയായിരിക്കും.

ട്രാം സര്‍വീസ് ഡിസംബര്‍ 31ന് രാവിലെ 06.30ന് പ്രവര്‍ത്തനം ആരംഭിച്ച് അര്‍ധരാത്രി 12 വരെ തുടരും. ജനുവരി ഒന്നിന്ന് പുലര്‍ച്ചെ 12.01ന് പ്രവര്‍ത്തനം ആരംഭിക്കുന്ന ട്രാം സര്‍വീസ് ജനുവരി രണ്ടിന് വെളുപ്പിന് രണ്ടുമണി വരെ തുടരും.
ജനുവരി ഒന്നിന് ഗോള്‍ഡ് സൂഖ് ബസ് സ്റ്റേഷന്‍ രാവിലെ 4.25നും അല്‍ ഗുബൈബ 4.30നും ഖിസൈസ് 4.40നും ജബല്‍ അലി ബസ് സ്റ്റേഷന്‍ രാവിലെ അഞ്ചിനും ആരംഭിച്ച് അര്‍ധരാത്രി 12 വരെ പ്രവര്‍ത്തിക്കും. സത്‌വ ബസ് സ്റ്റേഷന്‍ രാവിലെ 4.57 നും അല്‍ ഖൂസ് ബസ് സ്റ്റേഷന്‍ രാവിലെ അഞ്ചിനും പ്രവര്‍ത്തനം ആരംഭിച്ചു രാത്രി 11.30 വരെ നീണ്ടു നില്‍ക്കും.
റാശിദിയ്യ, മാള്‍ ഓഫ് എമിറേറ്റ്‌സ്, ഇത്തിസലാത്ത്, ഇബ്‌നു ബത്തൂത്ത, അബു ഹൈല്‍ എന്നീ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡര്‍ ബസുകള്‍ രാവിലെ അഞ്ചിന് ആരംഭിച്ചു അര്‍ധരാത്രി 12.20 വരെ സര്‍വീസ് നടത്തും. ജനുവരി ഒന്നിന് എല്ലാ വാഹന ടെസ്റ്റിംഗ് ആന്‍ഡ് രജിസ്‌ട്രേഷന്‍ സ്റ്റേഷനുകളും അവധിയായിരിക്കും.

Latest