നോട്ട് നിരോധനം: ബുദ്ധിമുട്ട് അനുഭവിച്ച ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍

Posted on: December 28, 2016 12:48 pm | Last updated: December 28, 2016 at 9:34 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബാങ്കില്‍ നിന്നും പണമെടുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് എതിരാണ്. നിയന്ത്രണം നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനും അഴിമതിക്കും എതിരായ യജ്ഞമെന്നാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഈ യജ്ഞം രാജ്യത്തെ ഒരു ശതമാനം വരുന്ന വമ്പന്‍ പണക്കാര്‍ക്ക് വേണ്ടിയായിരുന്നു. മോദിജിയുടെ യജ്ഞനത്തില്‍ ത്യാഗമനുഷ്ഠിച്ചത് സാധാരണക്കാരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നോട്ട് അസാധുവാക്കലിന് ശേഷം എത്ര കള്ളപ്പണം പിടികൂടി, രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം എത്ര, എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായി തുടങ്ങിയ കാര്യങ്ങള്‍ മോദി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 25 ലക്ഷത്തിന് മുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.