ഈഴവനെ വിമര്‍ശിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനുള്ള നീക്കം വിജയിച്ചു: വെള്ളാപ്പള്ളി

Posted on: December 27, 2016 11:52 pm | Last updated: December 27, 2016 at 11:52 pm

തൊടുപുഴ: ഈഴവനെ വിമര്‍ശിച്ച് ന്യൂനപക്ഷ വോട്ടു നേടാനുളള ചിലരുടെ തന്ത്രം വിജയിച്ചതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. നീതിക്കു വേണ്ടിയാണു താന്‍ ജാതി പറഞ്ഞത്. സാമുദായിക നീതി ലഭിക്കാനുള്ള അര്‍ഹത എല്ലാവര്‍ക്കും ഉള്ളതുപോലെ ഈഴവ സമുദായത്തിനുമുണ്ട്.

84ാം ശിവഗിരി തീര്‍ഥാടനത്തിനു മുന്നോടിയായി എസ് എന്‍ ഡി പി യോഗം രാജാക്കാട് യൂനിയന്റെ ആഭിമുഖ്യത്തില്‍ ചെയര്‍മാന്‍ എം ബി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശിവഗിരി തീര്‍ഥാടന സന്ദേശ പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പുതിയതായി രൂപീകരിച്ച രാജാക്കാട് യൂനിയന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയില്‍ അധിഷ്ഠിതമായ നിയമവും ചട്ടവുമാണു ഇവിടെ നിലനില്‍ക്കുന്നത്. ഈഴവ സമുദായത്തെ വിമര്‍ശിച്ചാല്‍ ന്യൂന പക്ഷങ്ങളുടെ വോട്ടുകള്‍ നേടാമെന്ന അടവ് സമീപനമാണു തെരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ചത്. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമ്മേളനത്തില്‍ യൂനിയന്‍ വൈസ് ചെയര്‍മാന്‍ ജി. അജയന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം തെളിച്ചു.