ഖത്വറിൽ വിസ മാറുന്നതിന് ഏതാനും ദിവസം കൂടി അവസരം

പുതിയ തൊഴിൽ നിയമം അനുസരിച്ച് ഒരു കന്പനിയിൽ നിന്നും മറ്റൊരു കന്പനിയിലേക്ക് വിസ മാറുന്നതിനുള്ള നിബന്ധനകൾ പാലിക്കാതെ പഴയ രീതിയിൽ വിസ മാറ്റുന്നതിനാണ് അപേക്ഷ സ്വീകരിക്കുന്നത്.
Posted on: December 27, 2016 6:30 pm | Last updated: December 27, 2016 at 6:30 pm

ദോഹ: രാജ്യത്ത് ഈ പുതുതായി നിലവില്‍ വന്ന തൊഴില്‍ നിയമം അനുസരിച്ച് ഒരു കമ്പനിയില്‍നിന്നും മറ്റൊരു കമ്പനിയിയിലേക്ക് വിസ മാറുന്നതിന് പുതിയ കമ്പനിയില്‍ രാജ്യവും ലിംഗവും പ്രൊഫഷനം ചേര്‍ന്നു വരുന്ന വിസ ക്വോട്ട ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുവെങ്കിലും പഴയ നിയമം അനുസരിച്ച് ഏതാനും ദിവസം കൂടി വിസ മാറാം.
പുതിയ നിയമം അനുസരിച്ച് വിസ മാറുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് പഴയ രീതിയനുസരിച്ച് വിസ മാറ്റ അപേക്ഷകള്‍ കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ സേവന കേന്ദ്രത്തില്‍ സ്വീകരിച്ചു തുടങ്ങയത്. ഔദ്യോഗികമായി നിയമത്തില്‍ ഇളവു വരുത്തിയിട്ടില്ലെങ്കിലും ഏതാനും ദിവസംകൂടി ഈ സൗകര്യം ലഭ്യമാകുമെന്നാണ് സൂചന. ഇന്നലെ പഴയ രീതിയില്‍ വിസ മാറ്റ അപേക്ഷ സമര്‍പ്പിച്ചതായി ദോഹയിലെ ഒരു കമ്പനി പി ആര്‍ ഒ പറഞ്ഞു.
വിസ മാറ്റത്തിന് പുതിയ മാനദണ്ഡം വന്നത് ജോലിക്കാരെ റിക്രൂട്ട് ചെയ്ത കമ്പനികളെയും ജോലിക്കാരെയും ഒരുപോലെ വലച്ചിട്ടുണ്ട്. കമ്പനികളില്‍ മതിയായ നിബന്ധന ചേര്‍ന്നു വരുന്ന വിസ ക്വാട്ടയില്ലെന്നതാണ് പ്രശ്‌നം. വിസ ക്വാട്ടയില്ലെങ്കിലും ആവശ്യമായ ജീവനക്കാരെ മറ്റു കമ്പനികളില്‍ നിന്നും വിസ മാറ്റത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു ഇതു വരെ നിലനിന്നിരുന്ന സൗകര്യം. എന്നാല്‍ പുതിയ നിയമത്തില്‍ ഇതു സാധ്യമല്ല.
പുതിയ കമ്പനികളില്‍ രാജ്യം, ലിംഗം, പ്രൊഫഷന്‍ എന്നവ യോജിക്കുന്ന ശരിയായ ഒഴിവുണ്ടെങ്കിലേ വിസ മാറ്റം സാധ്യമാകൂ എന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി. അഥവാ ഒരു ഇന്ത്യന്‍ പുരുഷ അക്കൗണ്ടന്റിന് ജോലി മാറണമെങ്കില്‍ പുതിയ കമ്പനിയില്‍ ഇന്ത്യന്‍ പുരുഷ അക്കൗണ്ടന്റിന്റെ വിസ ലഭ്യമായിരിക്കണം. ജോലി മാറുന്നതും രാജ്യം വിടുന്നതും സംബന്ധിച്ച ഇത്തരം വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജോലിക്കാണ് ഈ നിയന്ത്രണമെന്ന് നോട്ടീസില്‍ പറയുന്നു.
പുതിയ രീതിയനുസിരിച്ച് നിബന്ധനകള്‍ ഒത്തു വന്നവര്‍ക്കു മാത്രമേ രാജ്യത്തു തന്നെ നിന്നുകൊണ്ടുള്ള വിസ മാറ്റം സാധ്യമാകൂ. അല്ലാത്തവര്‍ക്ക് നിലവിലുള്ള വിസ റദ്ദ് ചെയ്ത് നാട്ടില്‍ പോവുകയും വിസ ലഭിക്കുന്ന കമ്പനികളിലേക്ക് തിരിച്ചു വരികയും വേണ്ടി വരും.