കാവിയിട്ട കഴുകന്‍മാരെ വിശ്വസിച്ച് മലപ്പുറത്തെ തെറ്റിദ്ധരിക്കരുതെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ

Posted on: December 27, 2016 6:13 pm | Last updated: December 27, 2016 at 6:13 pm

തിരുവനന്തപുരം: മലപ്പുറം മുസ്‌ലിം കേന്ദ്രമാണെന്നും ഹിന്ദുക്കളെ അക്രമിക്കുന്ന സ്ഥലമാണെന്നുമുള്ള വ്യാജപ്രചാരണങ്ങളെ കരുതിയിരിക്കണമെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കാവിയിട്ട കഴുകന്‍മാരുടെ വാക്കുകള്‍ വിശ്വസിച്ച് ഹിന്ദുമുസ്‌ലിം സൗഹൃദം വിളയാടുന്ന മലപ്പുറത്തെ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറയുന്നു. തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന മലപ്പുറം സ്വദേശികളായ മാധ്യമപ്രവര്‍ത്തകയേയും കൂടെയുണ്ടായിരുന്ന അച്ഛനെയും കൂടെ നിര്‍ത്തി റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഭദ്രാനന്ദയുടെ പരാമര്‍ശങ്ങള്‍. വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാണ്. നിങ്ങള്‍ സ്‌നേഹം കൊടുത്താല്‍ അവര്‍ സ്‌നേഹം തരും. നിങ്ങള്‍ വെറുപ്പോടെ കണ്ടാല്‍ അത് തിരികെ കിട്ടും. എന്ത് കൊടുത്തോ അത് തിരികെ കിട്ടുമൈന്നും സ്വാമി പറയുന്നു.

‘ഞങ്ങള്‍ അവരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു, അവര്‍ തിരിച്ചും ഞങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു. ഞങ്ങള്‍ അവരെ സഹായിക്കുന്നു. തിരിച്ചും അവര്‍ ഞങ്ങളെ സഹായിക്കുന്നു..ഞങ്ങള്‍ക്ക് ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഈ പറയുന്നതെല്ലാം വെറും കള്ളത്തരമാണെന്നും’വീഡിയോയില്‍ പറയുന്നു.
വീഡിയോ വൈറലായതിന് ശേഷം ഹിമവല്‍ ഭദ്രാനന്ദ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

രണ്ട് യുവ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ ഒരു ചെറിയ ഭാഗമാണ് നാം ഇന്നലെ ഈ പേജില്‍ പോസ്റ്റ് ചെയ്തത്. അതിന്റെ ഭാഗമായി ധാരാളം അഭിനന്ദനങ്ങളും ആക്ഷേപങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിക്ക് ബാക്കി ഭാഗം കൂടി പോസ്റ്റ് ചെയ്താല്‍ എന്താകും പ്രതികരണം എന്ന ധര്‍മ്മ സങ്കടത്തിലാണ് നാം. ഇന്നലെവരെ സ്വാമിജി… ഗുരുജി… എന്നൊക്കെ വിളിച്ചവര്‍, മുസ്ലീങ്ങളെ കുറിച്ച് നല്ലത് പറഞ്ഞതിനുശേഷം ‘തായും പൂവും’ ഒക്കെ ചേര്‍ത്താണ് നമ്മളെ അഭിഷേകം ചെയ്യുന്നത്. വിവാദപരമായ പലതും അടങ്ങിയ ആ വീഡിയോ പോസ്റ്റ് ചെയ്തു എന്തിനാണ് ഇനിയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വേണ്ട അല്ലെ ? ഈ മതങ്ങള്‍ സമാധാനത്തിന് വേണ്ടിയെന്നാണ് വിചാരിച്ചത്, ഇപ്പോള്‍ മതങ്ങളെ കുറിച്ച് സംസാരിച്ച് ഉള്ള സമാധാനവും കൂടിപ്പോയി.