കെ മുരളീധരനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌

Posted on: December 26, 2016 6:08 pm | Last updated: December 27, 2016 at 1:11 pm

തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച കെ മുരളീധരന് മറുപടിയുമായി വിഡി സതീശനും രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്ത്. മുതിര്‍ന്ന നേതാക്കള്‍ മിതത്വം പാലിക്കണമെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തിന് പരിമിതികളുണ്ടെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാറിന്റെ തുടക്കത്തില്‍ ശക്തമായ സമരം വേണ്ടെന്നായിരുന്നു തീരുമാനം. പാര്‍ട്ടി കൂടുതല്‍ നന്നാകാനാണ് മുരളീധരന്റെ ആഗ്രഹമെന്ന് കരുതുന്നുവെന്നും സതീശന്‍ പറഞ്ഞു.

കെ കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസിലെ ഏക നേതാവാണ് കെ മുരളീധരനെന്ന് കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. ഡിസിസിയുടെ പരിപാടികളില്‍ പോലും മുരളീധരന്‍ പങ്കെടുത്തില്ല. നേതാക്കളെ അപമാനിച്ച പാരമ്പര്യമാണ് മുരളീധരനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നെന്നും മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് മുരളീധരന്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്നതെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇന്ന് ഇടതുപക്ഷമായി മാറിയിരിക്കുന്നുവെന്നുമായിരുന്നു മുരളീധരന്റെ വിമര്‍ശനം.