Connect with us

Gulf

ഷോപ് ഖത്വര്‍ പ്രചാരണവുമായി ടൂറിസം അതോറിറ്റിയുടെ ജിസിസി പര്യടനം

Published

|

Last Updated

ദോഹ: ഖത്വറിലെ ആദ്യത്തെ വ്യാപാരോത്സവമായ ഷോപ് ഖത്വറിന്റെ പ്രചാരണവുമായി സംഘടാകര്‍ ജി സി സി പര്യടനം ആരംഭിച്ചു. കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും യു എ ഇ നഗരങ്ങളിലുമാണ് കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. മറ്റു ജി സി സി രാജ്യങ്ങളിലും പ്രചാരണമുണ്ട്. സഊദിക്കു ശേഷം യു എ ഇയില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നത്. എ ബ്രാന്‍ഡ് ന്യൂ ട്രഡീഷന്‍ എന്ന പ്രമേയത്തിലാണ് പ്രചാരണം.
ജനുവരി ഏഴിനാണ് ഷോപ് ഖത്വറിനു തുടക്കമാകുന്നത്. വന്‍കിട വ്യാപാര കേന്ദ്രങ്ങളിലെല്ലാം ആകര്‍ഷക വിലക്കുറവും സമ്മാന പദ്ധതികളും വിനോദ, ഉല്ലാസ പരിപാടികളും ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത ഷോപിംഗ് ഉത്സവ കാലത്ത് രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുന്നതിനാണ് ഖത്വര്‍ ടൂറിസം അതോറിറ്റി ശ്രമം നടത്തുന്നത്. ജി സി സി രാജ്യങ്ങളിലെ ടൂറിസം വകുപ്പുകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിമാന കമ്പനികള്‍, ഹോട്ടലുകള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രചാരണ പരിപാടികളും പാക്കേജുകളും തയാറാക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി റോഡ് ഷോകളും വാര്‍ത്താ സമ്മേളനങ്ങളും നടത്തുന്നുണ്ട്. ടൂറിസം അതോറിറ്റിക്കൊപ്പം മാള്‍ ഓഫ് ഖത്വര്‍, ഖത്വര്‍ എയര്‍വേയ്‌സ്, ഇസ്ദാന്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളാണ് മേളയുടെ ഔദ്യോഗിക പങ്കാളികള്‍.
യു എ ഇയില്‍നിന്നും ഖത്വറിലേക്കുള്ള സഞ്ചാരികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 17 ശമതാനം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ വരെ 109,983 പേരാണ് യു എ ഇയില്‍നിന്നും ഖത്വറിലെത്തിയത്. ഷോപിംഗ് ഫെസ്റ്റിവല്‍ മുന്‍നിര്‍ത്തി കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാന്‍ സാധക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഷോപ് ഖത്വര്‍ കാലത്ത് രാജ്യവ്യാപകമായി റീട്ടെയില്‍ ഷോപ്പുകള്‍ 50 ശതമനം വരെ വിലക്കിഴിവ് നല്‍കുമെന്നാണ് സംഘാടകര്‍ നല്‍കുന്ന വാഗ്ദാനം. വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ്, സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിവര്‍ക്കു വേണ്ട വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവക്കാണ് പ്രധാനമായും ഓഫര്‍ ലഭിക്കുക.
രാജ്യത്ത് ഫെസ്റ്റിവല്‍ സീസണുകളിലാണ് കൂടുതല്‍ വിദേശ സഞ്ചാരികളെത്തുന്നതെന്നും ശൈത്യാകലത്ത് പ്രത്യേക ആഘോങ്ങളില്ലാത്തിനാല്‍ ഈ സമയത്ത് യാത്ര ചെയ്യുന്നതിന് സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഷോപ് ഖത്വര്‍ തണുപ്പു കാലത്ത് നടത്തുന്നതെന്ന് അതോറിറ്റി പ്രതിനിധികള്‍ പറഞ്ഞു. ഖത്വറിന്റെ അയല്‍നാട്ടുകാര്‍ക്ക് ഉല്ലാസഭരിതമായി തണുപ്പു കാലം ചെലവിടാന്‍ അനുയോജ്യമായ പരിപാടികളും വിഭവങ്ങളുമായിരിക്കും ഷോപ് ഖത്വറിന്റെ ഭാഗമായി നടക്കുകയെന്നും ടൂറിസം അതോറിറ്റി അധികൃതര്‍ റോഡ് ഷോയുടെ ഭാഗമായി പറഞ്ഞു.

Latest