Connect with us

Gulf

സഊദി: പുതിയ ലെവി ജൂലൈ മുതല്‍ ; ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമല്ല

Published

|

Last Updated

ജിദ്ദ : കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സഊദി ബജറ്റിലെ ചില നിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ നിരവധി ആശങ്കകള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള വിദേശികള്‍ക്ക് മാസം അടക്കേണ്ട ലെവി ചാര്‍ജ്ജ് ഘട്ടം ഘട്ടമായി ഉയര്‍ത്താനുള്ള തീരുമാനം സ്വദേശി വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു സഹായകരമാകുകയും രാജ്യത്തിന്റെ ആഭ്യന്തര വരുമാന വര്‍ദ്ധനവിനു ഗുണകരമാകുകയും ചെയ്യുമെങ്കിലും ലക്ഷക്കണക്കിനു വിദേശികളെ എങ്ങനെ ബാധിക്കുമെന്ന് വരും ദിനങ്ങളില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

പ്രാദേശിക മാധ്യമങ്ങള്‍ വഴി ലഭ്യമായ വിവരങ്ങളനുസരിച്ച്, ഒരു സ്ഥാപനത്തില്‍ ആകെയുള്ള ജോലിക്കാരില്‍ പകുതിയിലധികം വിദേശികളാണെങ്കില്‍ ഓരോ വിദേശിക്കും മാസത്തില്‍ 400 റിയാല്‍ വീതം ഫീസ് നല്‍കേണ്ടി വരും. അതേ സമയം വിദേശികളുടെ എണ്ണം സൗദി തൊഴിലാളികള്‍ക്ക് തുല്ല്യമോ സൗദികളേക്കാള്‍ കുറവോ ആണെങ്കില്‍ ഓരോ വിദേശിക്കും 300 റിയാല്‍ വീതമായിരിക്കും ഫീസ് ഈടാക്കുക. 2017 ജനുവരി മുതലാണു ഇത് പ്രാബല്യത്തില്‍ വരിക.

2019 ജനുവരി മുതല്‍, വിദേശ തൊഴിലാളികളുടെ എണ്ണം സൗദി തൊഴിലാളികളേക്കാള്‍ ഉയര്‍ന്ന സ്ഥാപനങ്ങള്‍ ഓരോ വിദേശിക്കും 600 റിയാല്‍ വീതവും വിദേശികളുടെ എണ്ണം സൗദികളേക്കാള്‍ കുറവോ തുല്ല്യമോ ആയാല്‍ ഓരോ വിദേശിക്കും 500 റിയാല്‍ വീതം ഫീസ് നല്‍കേണ്ടതായും വരും. 2020 ല്‍ ഈ ഫീസ് യഥാക്രമം 800 ഉം 700 ഉം ആയി ഉയര്‍ത്തും

അതേ സമയം ഫാമിലി വിസയുള്ള ഓരോ വിദേശ തൊഴിലാളിയും ഓരോ കുടുംബാംഗത്തിനും 100 റിയാല്‍ വീതം എല്ലാ മാസവും നല്‍കേണ്ടി വരും. ഇത് 2017 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോര്‍ട്ടുകള്‍. 2018ല്‍ ഈ ഫീസ് 200 റിയാലും 2019 ല്‍ 300 റിയാലും 2020 ല്‍ 400 റിയാലുമായി ഘട്ടം ഘട്ടമായി ഉയര്‍ത്തും.ആശ്രിത വിസയിലുള്ളവര്‍ക്ക് അടക്കേണ്ട തുക കുടുംബനാഥന്‍ തന്നെ നല്‍കേണ്ടതായി വന്നാല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് വലിയ ബാദ്ധ്യതയായിരിക്കും ഉണ്ടാകുക .ഇത് പ്രവാസ കുടുംബങ്ങളുടെ കൂട്ടത്തോടെയുള്ള തിരിച്ച് പോക്കിന് തന്നെ കാരണമായേക്കാം.

എന്നാല്‍ പുതിയ ഫീസ് വര്‍ധനവ് “ഹൗസ് െ്രെഡവര്‍” തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാകില്ലെന്ന് സൗദി ഫിനാന്‍സ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ മാസത്തില്‍ ഓരോ വിദേശ തൊഴിലാളിക്കും അടക്കേണ്ട 200 റിയാല്‍ ലെവി 2018 മുതല്‍ ചുരുങ്ങിയത് 300 റിയാലും 2020 ആാകുംബോഴേക്കും 800 റിയാല്‍ വരെയുമായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള തീരുമാനം ,സ്ഥാപനങ്ങളെ കൂടുതല്‍ സ്വദേശികളെ ജോലിക്ക് നിയമിക്കാന്‍ നിര്‍ബന്ധിതരാക്കുകയും വിദേശികളുടെ എണ്ണം വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും.

വിദേശികള്‍ സ്വദേശങ്ങളിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമൊന്നും ബജറ്റില്‍ ഇല്ല എന്നത് പ്രവാസ സമൂഹത്തിനു വലിയ ആശ്വാസം നല്‍കുന്നുണ്ടെങ്കിലും എണ്ണ വിലയും വൈദ്യുത ബില്ലും ഘട്ടം ഘട്ടമായി വര്‍ദ്ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന ആശങ്കയും ബാക്കിയാണ്.