Connect with us

National

ഹരീഷ് റാവത്തിനെ വീണ്ടും ചോദ്യം ചെയ്യും

Published

|

Last Updated

ഡെറാഡൂണ്‍: വിശ്വാസവോട്ടെടുപ്പില്‍ തന്നെ പിന്തുണക്കുന്നതിന് വേണ്ടി എം എല്‍ എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തന് സി ബി ഐ നോട്ടീസ് നല്‍കി. ഈ മാസം 26ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഹരീഷ് റാവത്തിനോട് സി ബി ഐ ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മെയില്‍ ഹാജരായ സമയത്ത് അഞ്ച് മണിക്കൂര്‍ നേരം സി ബി ഐ റാവത്തിനെ ചോദ്യം ചെയ്തിരുന്നു.

ഉത്തരാഖണ്ഡ് നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ തന്നെ പിന്തുണക്കുന്നതിന് വിമത കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് റാവത്ത് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോയാണ് കഴിഞ്ഞ ഏപ്രിലില്‍ പുറത്തായത്. കേസന്വേഷണത്തിന്റെ ഭാഗമായി പദവിയിലുള്ള മുഖ്യമന്ത്രി സി ബി ഐക്ക് മുമ്പാകെ ഹാജരാകുന്നത് ഇതാദ്യമാണ്.
കേസുമായി ബന്ധപ്പെട്ട് നല്‍കിയ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സി ബി ഐ പരിശോധിക്കുക. അന്വേഷണത്തോട് സഹകരിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ഈ ഘട്ടത്തില്‍ ചെയ്യുക. തടഞ്ഞുവെക്കുകയോ, അറസ്‌റ്റോ ഈയവസരത്തില്‍ നടക്കാറില്ല. ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ മാത്രമേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. വിവാദ വീഡിയോ സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലുമായുള്ള റാവത്തിന്റെ ബന്ധമാണ് സി ബി ഐ പ്രധാനമായും അന്വേഷിക്കുന്നത്.
പ്രധാനപ്പെട്ട പല വിഷയങ്ങളിലും ഹരീഷ് റാവത്ത് വ്യക്തമായ മറുപടികള്‍ നല്‍കാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന് വന്ന വിവാദ വീഡിയോ വ്യാജമാണെന്ന് റാവത്ത് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സമയത്ത് കേന്ദ്ര സര്‍ക്കാറാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതോടെ സി ബി ഐ അന്വേഷണത്തിനുള്ള ഉത്തരവ് മരവിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തിരുന്നു. നോട്ടിഫിക്കേഷന്‍ റദ്ദാക്കിയ നടപടി സി ബി ഐ നിരാകരിച്ചിരുന്നു.

Latest