നോട്ട് നിരോധിച്ചത് എട്ട് ലക്ഷം കോടിയുടെ അഴിമതിക്ക് കളമൊരുക്കാന്‍: കെജരിവാള്‍

Posted on: December 23, 2016 10:29 pm | Last updated: December 23, 2016 at 10:29 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത് വന്‍ അഴിമതിക്ക് കളമൊരുക്കാനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നോട്ട് നിരോധനത്തിന്റെ മറവില്‍ വന്‍ വ്യവസായികളുടെ 1.14 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ കേന്ദ്ര സര്‍ക്കാര്‍ എട്ട് ലക്ഷം കോടി രൂപയുടെ വായ്പകള്‍ കൂടി എഴുതി ത്തള്ളാനുള്ള തയ്യാറെടുപ്പിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയ്പൂരില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു കെജരിവാള്‍.

മദ്യരാജാവ് വിജയ് മല്യക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയ മോഡി അദ്ദേഹത്തിന്റെ 1200 കോടി രൂപയുടെ വായ്പ വായ്പ എഴുതിത്തള്ളുകയും ചെയ്തു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സഹാറ, ബിര്‍ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വന്‍ തുക പിടിച്ചെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ബിര്‍ലയില്‍ നിന്ന് കൈക്കൂലിയായി 12 കോടി രൂപയും സഹാറയില്‍ നിന്ന് 40 കോടി രൂപയും കൈപ്പറ്റിയെന്നതിന് രേഖകള്‍ ഉണ്ടെന്നും കെജരിവാള്‍ ആരോപിച്ചു.

വന്‍കിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറായിട്ടില്ല. കള്ളപ്പണത്തിന് തടയിടാനാണ് മോഡിയുടെ യഥാര്‍ഥ ഉദ്ദേശ്യമെങ്കില്‍ സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 648 ഇന്ത്യക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ 24 കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ ഒരു കേസ് പോലും തനിക്കെതിരെ എടുത്തിട്ടില്ല. താന്‍ പറയുന്നത് സത്യമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും കെജരിവാള്‍ പറഞ്ഞു.