നോട്ട് നിരോധനത്തിന്റെ മറവില്‍ നരേന്ദ്രമോദി നടത്തിയത് വന്‍ സാമ്പത്തിക കൊള്ള: രാഹുല്‍ഗാന്ധി

Posted on: December 23, 2016 5:28 pm | Last updated: December 23, 2016 at 8:14 pm

ഡെറാഡൂണ്‍: 500, 1000 രൂപാനോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക കൊള്ളയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. നോട്ടുദുരിതം കാരണം രാജ്യത്ത് നിരവധി പേരാണ് മരിച്ചത്. അവരുടെ മരണത്തില്‍ പാര്‍ലമെന്റില്‍ രണ്ട് മിനിറ്റ് അനുശോചിക്കാന്‍ പോലും ഭരണപക്ഷം അനുവദിച്ചില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

അഴിമതിക്കെതിരായ ഏതു നീക്കത്തെയും കോണ്‍ഗ്രസ് പിന്തുണയ്ക്കും. രാജ്യത്ത് അഴിമതി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെയും ആഗ്രഹമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

വിദേശത്തെ കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടുകളില്‍ പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആര്‍ക്കും പണം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നോട്ടുനിരോധനത്തിന് ശേഷം മോദി പറഞ്ഞതു പോലെ അഴിമതിക്കാരല്ല വരിയില്‍ ക്യൂ നില്‍ക്കുന്നതെന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് ഇങ്ങനെ നില്‍ക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.