പണം ലഭിച്ചില്ല; നാട്ടുകാര്‍ ഗ്രാമിണ്‍ ബേങ്ക് ശാഖ ഉപരോധിച്ചു

Posted on: December 23, 2016 12:35 am | Last updated: December 22, 2016 at 11:26 pm

ഇരിട്ടി: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉളിക്കല്‍ വട്ട്യംതോട്ടെ ഗ്രാമിണ്‍ ബേങ്ക് ശാഖ ഉപരോധിച്ചു. വ്യാഴാഴ്ച രാവിലെ 10 മുതലാണ് നാട്ടുകാര്‍ തുറക്കാന്‍ പോലും അനുവദിക്കാതെ ബേങ്ക് ഉപരോധിച്ചത്. ജോലിക്കെത്തിയ ഉദ്യോഗസ്ഥരെയും തടഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബേങ്കില്‍ നിന്ന് ഇടപാടുകാര്‍ക്ക് പണം ലഭിച്ചിരുന്നില്ല. ബേങ്കിലെത്തി മടങ്ങിപ്പോകുന്നത് നിത്യസംഭവമായതോടെയാണ് സഹികെട്ട നാട്ടുകാര്‍ ഇന്നലെ കാലത്ത് ബേങ്കിനു മുന്നിലെത്തി കുത്തിയിരിക്കാന്‍ തീരുമാനിച്ചത്. വിവരമറിഞ്ഞ് ഉളിക്കല്‍ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഗ്രാമിണ്‍ ബേങ്ക് ഏരിയ മാനേജരുമായി ബന്ധപ്പെട്ടു.

30ലക്ഷം രൂപ ഉച്ചയോടെ ബേങ്കിലെത്തിക്കുമെന്നും 20,000 രൂപ പിന്‍വലിക്കാമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് ഇടപാടുകാര്‍ 12 മണിയോടെ പിരിഞ്ഞുപോയത്. മലയോരത്തെ മിക്ക ഗ്രാമിണ്‍ ബേങ്ക് ശാഖകളിലും മറ്റു ബേങ്കുകളുടെതിനു സമാനമായി പണം നല്‍കുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.