ലോക്കപ്പ് അതിക്രമങ്ങള്‍ കൂടി: പോലീസ് കംപ്ലെയിന്റ് അതോറിറ്റി

Posted on: December 23, 2016 7:45 am | Last updated: December 22, 2016 at 11:22 pm

കൊച്ചി: പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി പോ ലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണ കുറുപ്പ്. കഴിഞ്ഞ രണ്ട് മാസമായി ഇത്തരം അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്നതിന് തെളിവാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന പോലീസ് മര്‍ദന കേസുകള്‍. സുപ്രീം കോടതി തന്നെ കസ്റ്റഡി മര്‍ദനം മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേസില്‍ ഉള്‍പ്പെടുത്തി ആളുകളെ അകാരണമായി മര്‍ദിക്കുന്നതും ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന രീതി തുടരുകയാണ്.

കുറ്റിയാടിയില്‍ ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അതോറിറ്റിക്ക് സംശയമുണ്ട്. പോലീസ് രാത്രി കസ്റ്റഡിയില്‍ എടുത്ത ആശുപത്രി ജീവനക്കാരികളായ പെണ്‍കുട്ടികളെ കാര്യമായി ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പോലീസ് സ്‌റ്റേഷനില്‍ നിന്ന് എത്തിയ പെണ്‍കുട്ടികള്‍ വാവിട്ടുകരഞ്ഞുകൊണ്ടായിരുന്നു വന്നതെന്ന് ആത്മഹത്യചെയ്ത ആതിരയുടെ ഇരട്ടസഹോദരി അഞ്ജലി മൊഴി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മാതാപിതാക്കളെ അറിയിക്കണമെന്ന് ആതിര ആത്മഹത്യക്ക് മുമ്പ് പറഞ്ഞതായി സഹോദരി തെളിവെടുപ്പിനിടെ മൊഴിനല്‍കിയിട്ടുണ്ട്. ഇതില്‍നിന്നൊക്കെ പോലീസ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെ അതോറിറ്റി വിളിച്ചുവരുത്തിയപ്പോള്‍ പറയുന്നത് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആതിരക്ക് ആത്മഹത്യാപ്രവണത ഉണ്ടായിരുന്നുവെന്നുമാണ്. എന്നാല്‍ ഈ കാര്യത്തില്‍ വ്യക്തതവരുത്താന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കര കുറുത്തികാട് പോലീസ് മര്‍ദനത്തില്‍ പരുക്കേറ്റ ചുമട്ടുതൊഴിലാളിയായ സജന്റെ ഇന്നലെ പരിഗണിച്ച കേസ് ജനുവരി 27ലേക്ക് മാറ്റി. കേസില്‍ സജന്റെ ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ വിളിച്ചുവരുത്താനും അതോറിറ്റി തീരുമാനിച്ചു. പാലക്കാട് പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച ആദിവാസികളെ പോലീസ് തടഞ്ഞുവെച്ചത് ശരിയായില്ല. പരിശോധനക്ക് ശേഷം ഇവരെ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കാമായിരുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു. കസ്റ്റഡി മര്‍ദനം സംബന്ധിച്ച കേസുകള്‍ക്കായിരിക്കും അതോറിറ്റി മുന്‍ഗണന നല്‍കുക. കള്ളക്കേസുകളില്‍ കുടുക്കുക, സ്‌റ്റേഷനില്‍ അകാരണമായി തടഞ്ഞുവെക്കുക, കേസുകളില്‍ പോലീസ് അന്യായമായി ഇടപെടുക തുടങ്ങിയവക്കും അതോറിറ്റി പ്രാധാന്യം നല്‍കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്നലെ എറണാകുളം റസ്റ്റ്ഹൗസില്‍ നടന്ന സിറ്റിംഗിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.